ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയില്‍നിന്ന് പണം തട്ടിയതായി പരാതി
കട്ടപ്പന: യൂറോപ്പിലെ മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയില്‍നിന്ന് പണം തട്ടിയതായി പരാതി.
വാഗമണ്‍ കോട്ടമല സ്വദേശി കെ.ആര്‍. സജിത് മോനില്‍നിന്ന് കോട്ടയം സ്വദേശി പ്രിന്‍സ് സക്കറിയാസ് പണം തട്ടിയെടുത്ത് മുങ്ങിയെന്നാണ് പരാതി.
മറ്റ് 40 യുവാക്കളില്‍നിന്ന് സമാനരീതിയില്‍ പണം തട്ടിയിട്ടുണ്ട്. മാള്‍ട്ടയിലെ കമ്ബനിയില്‍ പാക്കിങ് വിഭാഗത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. 1,20,000 രൂപ വരെ ശമ്ബളം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. യുവാക്കളില്‍നിന്ന് 60,000 മുതല്‍ രണ്ടുലക്ഷം വരെ കൈപ്പറ്റിയിട്ടുണ്ട്.
സജിത് മോനില്‍നിന്ന് രണ്ടുതവണയായി 1,20,000 രൂപ തട്ടി. 2021 സെപ്റ്റംബറില്‍ പണം നല്‍കിയെങ്കിലും ഏഴുമാസം കഴിഞ്ഞിട്ടും ജോലിയെപ്പറ്റി വിവരങ്ങള്‍ ഇല്ലാതായതോടെ പണം തിരിച്ചു ചോദിച്ചു. എന്നാല്‍, ചെക്കാണ് നല്‍കിയത്.ചെക്കുമായി ബാങ്കില്‍ ചെന്നപ്പോള്‍ പ്രിന്‍സിന്റെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തിട്ട് ആറുമാസം കഴിഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു.
ഇതോടെയാണ് തട്ടിപ്പ് മനസ്സിലായത്. പ്രിന്‍സിന്റെ ഫോണ്‍ സ്വിച്ച്‌ഓഫ് ആയതോടെ സജിത് പൊലീസില്‍ പരാതി നല്‍കി.ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സ്റ്റേഷനുകളില്‍ തട്ടിപ്പിനിരയായവര്‍ പരാതി നല്‍കി. എന്നാല്‍, പ്രിന്‍സ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.