ഓണനാളുകളില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് ഡിപ്പോയില്‍നിന്നുതന്നെ പച്ചക്കറി വാങ്ങാം
ഓണനാളുകളില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് ഡിപ്പോയില്‍നിന്നുതന്നെ പച്ചക്കറി വാങ്ങാം.
ഓണച്ചന്ത ആരംഭിച്ച് വരുമാനം വര്‍ധിപ്പിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ പദ്ധതി.ചന്തകള്‍ നടത്താന്‍ താല്‍പര്യമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷ നല്‍കാം. പ്രതിദിന വാടക ഉള്‍പ്പെടെ വ്യക്തമാക്കി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ഡിപ്പോകളില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികളും സ്റ്റാളുകളുമാണ് വിട്ടുകൊടുക്കുക. ജില്ലയിലെ പല ഡിപ്പോകളിലും ഒന്നോ രണ്ടോ മുറികള്‍ വീതം ഒഴിഞ്ഞുകിടപ്പുണ്ട്.
അപേക്ഷകരില്‍നിന്ന് വാടകത്തുക ഉള്‍പ്പെടെയുള്ള പ്രൊപ്പോസല്‍ വാങ്ങി കോര്‍പറേഷന്റെ എസ്റ്റേറ്റ് ഓഫിസര്‍ക്ക് സമര്‍പ്പിക്കേണ്ട ചുമതല അതത് സ്റ്റേഷന്‍ ഓഫിസര്‍മാര്‍ക്കാണ്.സീസണ്‍ വിപണി മാത്രം ലക്ഷ്യമിട്ട് കച്ചവടം നടത്തുന്നവര്‍ക്കും മികച്ച അവസരമായിരിക്കും ഇത്.
ഓണച്ചന്ത നടത്താന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷകള്‍ സ്വീകരിക്കാന്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവുമാരുടെ സേവനം ഉപയോഗപ്പെടുത്തും.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ഓണച്ചന്ത ഉപകാരപ്പെടും. ജനത്തിരക്കേറിയ സ്ഥലമെന്ന പ്രയോജനം കച്ചവടക്കാര്‍ക്കും ലഭിക്കും.
ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച ബജറ്റ് ടൂറിസം ഹിറ്റായതിന് പിന്നാലെയാണ് ഓണം സീസണ്‍ ലക്ഷ്യമിട്ടുള്ള പദ്ധതി. ഓണച്ചന്ത നടത്താന്‍ സഹകരണ സൊസൈറ്റികളെയാണ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്. കൂടുതല്‍ പേര്‍ വന്നാല്‍ ടെന്‍ഡര്‍ വിളിച്ച് നല്‍കേണ്ടി വരും.
തൊടുപുഴയിലെ പുതിയ ടെര്‍മിനലില്‍ നിരവധി മുറികള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. ആളുകളുടെ ശ്രദ്ധ ലഭിക്കുന്ന മുറിയോ സ്റ്റാളോ ലഭിക്കുന്നതിനാകും കച്ചവടക്കാര്‍ പ്രൊപ്പോസലില്‍ പ്രാധാന്യം നല്‍കുകയെന്നും ഡി.ടി.ഒ എ. അജിത് ‘മാധ്യമ’ത്തോട് പറഞ്ഞു.