കല്ലാര്‍വാലി എസ്റ്റേറ്റില്‍ ഏല കൃഷിയുടെ മറവില്‍ വ്യാപക വന നശീകരണം
അടിമാലി: കല്ലാര്‍വാലി എസ്റ്റേറ്റില്‍ ഏല കൃഷിയുടെ മറവില്‍ വ്യാപക വന നശീകരണം. ഫോറസ്റ്റ് ഫ്ലൈയിങ് സ്‌ക്വാഡിന്‍റെ അന്വേഷണത്തില്‍ 70 ഏക്കറിലെ 3500 മരങ്ങളുടെ മേല്‍ഭാഗം മുറിച്ചുമാറ്റിയതായി കണ്ടെത്തി.300 ഏക്കറിന് മുകളില്‍ സ്ഥലമാണ് കല്ലാര്‍വാലി എസ്റ്റേറ്റിനുള്ളത്.
ബാക്കി സ്ഥലത്ത് ഇതിന്‍റെ ഇരട്ടിയോളം മരങ്ങള്‍ നശിപ്പിച്ചതായും ചുവടോടെ പിഴുതെടുത്തവ മണ്ണില്‍ മൂടിയതായും വനപാലകര്‍ സംശയിക്കുന്നു. പരിശോധന തുടരുകയാണെന്ന് കോതമംഗലം ഫ്ലൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ സാജു വര്‍ഗീസ്, മൂന്നാര്‍ ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ സിബി എന്നിവര്‍ പറഞ്ഞു.
ഏല കൃഷിക്ക് സ്ഥലം ഒരുക്കാന്‍ ചെറിയ രീതിയില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ ദേവികുളം റേഞ്ചില്‍നിന്ന് അനുമതി വാങ്ങിയശേഷം പള്ളിവാസല്‍ സെക്ഷനിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് വന നശീകരണം നടത്തുകയായിരുന്നു.മൂന്നാര്‍ ഡി.എഫ്.ഒക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ വന നശീകരണം കണ്ടെത്തിയത്. തുടര്‍ന്ന് രണ്ട് വനം വകുപ്പ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് വന നശീകരണം നടന്നതെന്നാണ് ആരോപണം.
ഉന്നത സ്വാധീനമുള്ള എസ്റ്റേറ്റ് നടത്തിപ്പുകാരെ കേസില്‍നിന്ന് ഒഴിവാക്കി മരം മുറിച്ചവരെയും സൂപ്പര്‍വൈസര്‍മാരെയും പ്രതികളാക്കി കേസ് ഒതുക്കിത്തീര്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്.സംസ്ഥാനത്ത് ഏറ്റവും വിവാദമായ മൂട്ടില്‍ മരംമുറിയെക്കാള്‍ വലിയ വന നശീകരണം കണ്ടെത്തിയെങ്കിലും കേസ് വലിച്ചുനീട്ടുകയാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് മരങ്ങള്‍ ഉണക്കിയ ശേഷം ചുവടെ വെട്ടിമാറ്റിയ സംഭവങ്ങളുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മരംമുറി ആരംഭിച്ചത്. നിയമം മറികടന്ന് വലിയ ശിഖരങ്ങള്‍പോലും മുറിച്ചു. മുറിച്ചവ പിന്നീട് വിറകാക്കി ലേലത്തില്‍ വെച്ചു. ഇത് തോട്ടം ഉടമകള്‍തന്നെ ലേലത്തില്‍ പിടിച്ചു. എന്നാല്‍, തടി കൊണ്ടുപോകാനായില്ല.ദേവികുളം റേഞ്ചില്‍ ആനവിരട്ടി വില്ലേജിലെ ഏലത്തോട്ടം 25 വര്‍ഷമായി കൃഷിയില്ലാതെ തൊഴില്‍ തര്‍ക്കങ്ങളില്‍പെട്ട് കിടക്കുകയായിരുന്നു.
ആന്ധ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം 2021ല്‍ കട്ടപ്പന സ്വദേശികള്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. ഇതിന്റെ മറവിലാണ് വന്‍തോതില്‍ മരങ്ങളുടെ ശിഖരം മുറിച്ചത്.പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് കല്ലാര്‍വാലി എസ്റ്റേറ്റ് ഉള്‍പ്പെടുന്ന പ്രദേശം. അടിമാലി റേഞ്ചില്‍ കുരിശുപാറയില്‍ നെല്ലിത്താനം എസ്റ്റേറ്റിലും അടുത്തിടെ വലിയതോതില്‍ വന നശീകരണം നടത്തിയിരുന്നു.