പി.പ്രസാദ് 2017ല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ബിജോ മാണി
തൊടുപുഴ: നാഷണല്‍ പാര്‍ക്കുകള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റും 10 കിലോമീറ്റര്‍ ഇ.എസ്.എയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി പി.
പ്രസാദ് 2017ല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ബിജോ മാണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അഞ്ച് ദേശീയ ഉദ്യാനങ്ങളും നാല് വന്യജീവി സങ്കേതങ്ങളുമുള്ള ഇടുക്കി ജില്ല പൂര്‍ണ്ണമായും ബഫര്‍സോണിന്റെ പരിധിയിലാകാന്‍ ഇടവരുത്തുന്നതാണ് ഈ ഹര്‍ജി. ബഫര്‍ സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാതെ 2017ല്‍ 10 കിലോമീറ്റര്‍ സംരക്ഷിത മേഖലയാക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി നേതാവ് ഗ്രീന്‍ ട്രിബ്യൂണലില്‍ കേസ് നല്‍കിയതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. 10 കിലോമീറ്റര്‍ ബഫര്‍ സോണാക്കിയാല്‍ ഇടുക്കി ജില്ലയെ എങ്ങനെ ബാധിക്കുമെന്ന് പോലും പരിഗണിക്കാതെ ഇപ്രകാരം ഹര്‍ജി നല്‍കിയത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് കൃഷി മന്ത്രി വ്യക്തമാക്കണം. 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഗ്രീന്‍ ട്രിബ്യൂണലിലെ ആവശ്യം ഇടതുപക്ഷത്തിന്റെ നിലപാടാണോയെന്ന് നേതാക്കള്‍ വ്യക്തമാക്കണം.
മൂന്നാറില്‍ പ്രാദേശിക രാക്ഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തോടെ വന്‍ തോതില്‍ ഭൂമികൈയേറ്റവും അനധികൃത നിര്‍മ്മാണങ്ങളും നടക്കുന്നുവെന്നും ഇത് തടയാന്‍ നടപടിവേണമെന്നുമാണ് ഹര്‍ജിയിലെ മറ്റൊരാവശ്യം. മൂന്നാറിലെ ഭൂമികൈയേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിവിധ കേസുകളും ഇതിന് ലഭിച്ച ഉത്തരവുകളുടെയും വിശദാംശങ്ങളാണ് ഹര്‍ജിയോടൊപ്പം നല്‍കിയിരിക്കുന്നത്. ഇതേ ആവശ്യവുമായി വണ്‍ ഏര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന 2010ല്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച ഉത്തരവിന്റെ പകര്‍പ്പും ഇതിനോടൊപ്പമുണ്ട്. ജില്ലയിലെ ഇടതുനേതാക്കള്‍ അറിഞ്ഞാണോ ഈ ഹര്‍ജി നല്‍കിയത്. ജില്ലയിലെ ഭൂ വിഷയങ്ങള്‍ക്ക് കാരണം കോടതി വ്യവഹാരങ്ങളാണെന്നും ഇതിന്റെ പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നും കള്ള പ്രചാരണം നടത്തുന്ന ഇടതുനേതാക്കള്‍ ജില്ലയുടെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുന്ന പി. പ്രസാദിന്റെ ഗ്രീന്‍ ട്രിബ്യൂണലിലെ കേസ് പിന്‍വലിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അക്ബര്‍ ടി.എല്‍, എബി മുണ്ടയ്ക്കന്‍, ആരിഫ് കരിം, ജോമ്‌സ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.