പ്രളയത്തില്‍ തകര്‍ന്ന ചെറുതോണിയുടെ പുനര്‍നിര്‍മാണത്തിനും അടിസ്‌ഥാന വികസനത്തിനുമായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും : മന്ത്രി റോഷി അഗസ്റ്റിൻ
ചെറുതോണി: പ്രളയത്തില്‍ തകര്‍ന്ന ചെറുതോണിയുടെ പുനര്‍നിര്‍മാണത്തിനും അടിസ്‌ഥാന വികസനത്തിനുമായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും.
ചെറുതോണി പാലം പൂര്‍ത്തിയാകുന്നതോടെ ടൗണിലെ വ്യാപാരികള്‍ക്കുണ്ടാകാവുന്ന അസൗകര്യങ്ങള്‍ പരിഹരിച്ച് ദേശീയപാതയുടെ പ്ലാനില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് മന്ത്രി റോഷി അഗസ്‌റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ചെറുതോണിയിലെ വ്യാപാര സ്‌ഥാപനങ്ങളെക്കൂടി സംരക്ഷിക്കത്തക്കവിധം റോഡിന്റെ പുനര്‍നിര്‍മാണമാണ് ഇവിടെ നടപ്പിലാക്കുന്നത്. റോഡിന് ഇരുവശത്തും ഫുട്‌പാത്ത് നിര്‍മിച്ച് കാല്‍നടക്കാര്‍ക്ക് യാത്ര സുഗമമാക്കുന്നതിനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്. ]വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ക്രമീകരിക്കും. ഫെഡറല്‍ബാങ്ക് ഭാഗത്ത് ജങ്‌ഷന്‍ നവീകരണം നടപ്പിലാക്കി ഗതാഗതതടസം ഒഴിവാക്കും.
ചെറുതോണി എല്‍.ഐ.സി ഓഫീസ് മുതല്‍ ഫെഡറല്‍ ബാങ്ക് ജങ്‌ഷന്‍വരെ പതിനൊന്നുമീറ്റര്‍ വീതിയിലും തുടര്‍ന്ന് സെന്‍ട്രല്‍ ജങ്‌ഷന്‍ വരെ പതിനഞ്ച് മീറ്റര്‍ വീതിയിലും റോഡ് വികസനം നടപ്പിലാക്കും. ഇതുസംബന്ധിച്ച പ്ലാന്‍ ദേശീയപാത ഉദ്യോഗസ്‌ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.
ചെറുതോണിയിലേക്കുള്ള വലിയ വാഹനങ്ങളുടെ ട്രാഫിക് ഒഴിവാക്കുന്നതിനായി വെള്ളക്കയം ബാലഭവന്‍ സമീപത്തുനിന്ന് ആലിന്‍ചുവട് ഫയര്‍സ്‌റ്റേഷന്‍ ജങ്‌ഷനിലേക്ക് പുതിയ പാലവും റോഡും നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. ചെറുതോണി വഞ്ചിക്കവല റോഡ് വീതികൂട്ടി നവീകരണവും ഫുട്‌പാത്ത് നിര്‍മാണവും ഇതിനോടൊപ്പം നടപ്പിലാക്കും.
ചെറുതോണി പാലം നിര്‍മിക്കുമ്ബോള്‍ വ്യാപാര സ്‌ഥാപനങ്ങള്‍ക്ക് നഷ്‌ടമുണ്ടാകാത്ത രീതിയില്‍ അപ്രോച്ച് റോഡ് നിര്‍മിക്കണമെന്ന് വ്യാപാരി വ്യവസായി നേതാക്കള്‍ ആവശ്യപ്പെട്ടു. പുതിയ പാലം പൂര്‍ത്തിയാകുമ്ബോള്‍ റോഡിന് ഒരു വശത്തുകൂടി നിലവിലുള്ള ചപ്പാത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള വഴിയും ക്രമീകരിക്കും.
ചെറുതോണി-പുളിയന്‍മല റോഡില്‍ സെന്‍ട്രല്‍ ജംഗ്‌ഷന്‍ മുതല്‍ മെഡിക്കല്‍ കോളജ് ജംഗ്‌ഷന്‍വരെ വീതികൂട്ടി നിര്‍മിക്കുന്നതിന് അഞ്ചുകോടി രൂപയുടെ പദ്ധതികള്‍ ഇപ്പോള്‍ നടന്നുവരികയാണ്. ജില്ലാ വികസനകാര്യ ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പ്രഭാ തങ്കച്ചന്‍, രാജു കല്ലറയ്‌ക്കല്‍, നിമ്മി ജയന്‍, വ്യാപാരി വ്യാവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴികണ്ടം, വ്യാപാരി വ്യവസായസമിതി പ്രസിഡന്റ് സാജന്‍ കുന്നേല്‍, സജി തടത്തില്‍, ഭാരവാഹികളായ ആന്റണി പാറത്തോട്, ഡോ. രവീന്ദ്രനാഥ്, കുര്യാച്ചന്‍ അനശ്വര, ബിനു എന്‍.എസ്, അഭിലാഷ് എ തുടങ്ങിയവര്‍ പങ്കെടുത്തു.