നാലുമാസം, 10 യോഗങ്ങള്‍; പീരുമേട് താലൂക്ക് ആശുപത്രി പ്രസവ വാര്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയായി
ഇടുക്കി: ഏറെ പ്രതിസന്ധിയിലായിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ വികസനപ്രവര്‍ത്തികള്‍ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരണത്തിലേക്ക്.
വാഴൂര്‍ സോമന്‍ എംഎല്‍എയുടെയും ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍െറയും നേതൃത്വത്തില്‍ നടന്ന നിരന്തര അവലോക യോഗങ്ങളാണ് ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്. 10 അവലോകന യോഗങ്ങളാണ് ഏപ്രില്‍ മുതല്‍ നടത്തിയത്. പീരുമേട് തോട്ടം മേഖലയിലെ പ്രധാന ആശുപത്രിയാണ് താലൂക്ക് ആശുപത്രി. സര്‍ക്കാര്‍ ഡിസ്പെന്‍സറിയായിട്ടാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രി വികസിപ്പിക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് 1988 മേയ് 27-നാണ് താലൂക്ക് ഹെഡ് ക്വോര്‍ട്ടേഴ്സ് ആശുപത്രിയാക്കി ഉയര്‍ത്തിയത്. തോട്ടം മേഖലയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനം ആവശ്യമായിരുന്നു.
പൊതുജനങ്ങളുടെയും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രസവവാര്‍ഡും ഓപ്പറേഷന്‍ തീയേറ്ററും പണിയാന്‍ അനുമതി ലഭിച്ചത്. വാഴൂര്‍ സോമന്‍ എംഎല്‍എയുടെയും ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍െറയും നേതൃത്വത്തില്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത അവലോകന യോഗങ്ങള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. 4 മാസങ്ങള്‍ക്കുള്ളില്‍ മികച്ച രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്.
ഐപി വാര്‍ഡ്, മേറ്റേണിറ്റി റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ പൂര്‍ത്തിയായി. മേറ്റേണിറ്റി റൂമിലേക്കുള്ള ഉപകരണങ്ങള്‍ എന്‍എച്ച്‌എം സഹായത്തോടെ ലഭ്യമാക്കി. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹായത്തോടെ ഇടുക്കി മെഡിക്കല്‍ കോളേജിലെ ബ്ലഡ് സെന്ററുമായി ബന്ധിപ്പിച്ചുകൊണ്ട് താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന ബ്ലഡ് സ്റ്റോറേജ് യൂണിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡ് ഇല്ലാതിരുന്നത് ഏറെ പ്രതിസന്ധിയായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി ഉദ്‌ഘാടന തീയതി ഉടന്‍ നിശ്ചയിക്കുമെന്ന് അവലോകന യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അറിയിച്ചു. 35 ബെഡ് ആണ് പ്രസവ വാര്‍ഡില്‍ സജ്ജമാക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്‍െറ നേതൃത്വത്തിലാണ് ലേബര്‍ വാര്‍ഡിന്റെ പ്രവൃത്തികള്‍ ചെയ്തത്. ആശുപത്രയില്‍ മെഡിക്കല്‍ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ 36 ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മികച്ച രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ക്രോഡീകരിച്ച ആശുപത്രി സൂപ്രണ്ട് ഡോ. അനന്ത് എം നെ യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.
യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. അനൂപ് കെ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനന്ത് എം, പി ഡബ്ള്യൂഡി എന്‍ജിനിയര്‍, ബില്‍ഡിങ് ഇലക്‌ട്രിക്കല്‍ എന്‍ജിനിയര്‍, എന്‍എച്ച്‌എം എന്‍ജിനിയര്‍, ജോയിന്റ് ആര്‍ടിഒ, എന്‍എച്ച്‌എം ബയോമെഡിക്കല്‍ എന്‍ജിനിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.