മാരത്തോൺ സംസ്ഥാന നേതൃയോഗങ്ങൾ വിളിച്ച് സി.പി.ഐ.എം നേതൃത്വം
തിരുവനന്തപുരം: ഭരണത്തിലെ തിരുത്തലുകൾ ചർച്ച ചെയ്യാൻ സിപിഐ(എം) മാരത്തോൺ സംസ്ഥാന നേതൃയോഗങ്ങൾ വിളിച്ചു. അടുത്ത മാസം 1, 2, 3 തീയതികളിൽ സെക്രട്ടേറിയറ്റും അടുത്ത മാസം 4, 5, 6 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരാനാണ് സിപിഐ(എം) തീരുമാനം.
ഒരു വർഷത്തെ സർക്കാരിന്റെ പ്രവർത്തനം ഇഴകീറി പരിശോധിക്കും. അടുത്ത 4 വർഷത്തേക്കുള്ള ആവശ്യമായ തിരുത്തലുകളും രൂപരേഖയും സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും തീരുമാനിക്കും. തുടർച്ചയായി ആറ് ദിവസം മാരത്തോൺ സംസ്ഥാന നേതൃയോഗങ്ങൾ വിളിക്കുന്നത് സാധാരണമല്ല. രണ്ടാം പിണറായി സർക്കാരിൻ്റെ പ്രവർത്തനങ്ങളാണ് പ്രധാനമായും വിലയിരുത്തുക. ഭരണതലത്തിലെ പോരായ്മകൾ പരിശോധിക്കും.
ജനങ്ങൾക്ക് ഗുണകരമായ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി ജനങ്ങളിലേക്കെത്തിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷം കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഭരണരംഗത്തെ തിരുത്തലുകൾ ചർച്ചയാകുന്നത്. അടുത്ത നാല് വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ രൂപരേഖയും ചർച്ച ചെയ്യും.