ദ്രൗപതി എന്ന പേരിട്ടത് സ്കൂള്‍ അദ്ധ്യാപകനെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഭുവനേശ്വര്‍: ദ്രൗപതി എന്ന പേരിട്ടത് സ്കൂള്‍ അദ്ധ്യാപകനെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി ദ്രൗപതി മുര്‍മു.
യഥാര്‍ത്ഥ പേര് ‘പുതി’ എന്നായിരുന്നുവെന്നും മുര്‍മു പറഞ്ഞു. ഒരു അഭിമുഖത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സന്താലി വിഭാഗക്കാരില്‍ ജനിക്കുന്നത് പെണ്കുഞ്ഞാണെങ്കില് മുത്തശിയുടെ പേരാണ് ഇടുന്നത്. ആണ്‍കുഞ്ഞെങ്കില്‍ മുത്തശന്റെ പേരും. അങ്ങനെയാണ് മുര്‍മുവിന് പുതി എന്ന് പേരിട്ടത്. എന്നാല്‍ സ്കൂള്‍ കാലഘട്ടമായപ്പോഴേയ്ക്കും അദ്ധ്യാപകരിലൊരാള് മുര്‍മുവിനെ ദ്രൗപതി എന്ന് വിളിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോള്‍ പുതി എന്ന് പേര് ഇഷ്ടമല്ലാത്തതിനാല്‍ മഹാഭാരതത്തിലെ പേര് വിളിക്കുന്നതാണെന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. മുര്‍മുവിന്റെ സ്കൂള്‍ കാലഘട്ടത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ എത്തിയാണ് ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് മാറി വന്ന അദ്ധ്യാപകരും സഹപാഠികളും ദ്രൗപതി എന്ന് വിളിക്കാന്‍ തുടങ്ങിയതോടെ പേര് ഇതായി മാറുകയായിരുന്നു. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം ചരണ്‍ ടുഡുവുമായുള്ള വിവാഹശേഷം ദ്രൗപതി മുര്‍മു എന്ന പേര് സ്വീകരിക്കുകയായിരുന്നു.