കറുത്ത പൊന്ന് കരുത്തനായെങ്കിലും വ്യാപാരം കൊച്ചി ടെര്‍മിനല്‍ വിപണി വിട്ട് പുറത്തേക്ക്
കഴിഞ്ഞവാരം കറുത്ത പൊന്ന് കരുത്തനായെങ്കിലും വ്യാപാരം കൊച്ചി ടെര്‍മിനല്‍ വിപണി വിട്ട് പുറത്തേക്ക്. അന്തര്‍സംസ്‌ഥാന വ്യാപാരികള്‍ കൊച്ചിയെ തഴഞ്ഞെന്നു കയറ്റുമതിക്കാര്‍.
ഇടുക്കി, വയനാട്, മലപ്പുറം മേഖലകളില്‍നിന്ന് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ എക്‌സ്‌പോര്‍ട്ട് ഓറിയന്റല്‍ യൂണിറ്റ്‌കാര്‍ (ഇ.ഒ.യു) നേരിട്ട് കുരുമുളക് വാങ്ങുകയായിരുന്നു. ഇവരുടെ ആവശ്യത്തിനു കുരുമുളക് ക്വിന്റലിന് 800 രൂപയാണ് വില കൂടിയത്. ഇ.ഒ.യുക്കാര്‍ വാങ്ങിയത് മൂല്യവര്‍ധിത ഉല്‍പ്പന്നത്തിന് ആണെന്ന് അവകാശപ്പെട്ടു. എന്നാല്‍ മറ്റ് ഇറക്കുമതി മുളകും ആയി കൂട്ടിക്കലര്‍ത്തി വില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ലെന്നും കയറ്റിമതിക്കാര്‍.
രൂപയുടെ മൂല്യം തകര്‍ന്നുകൊണ്ടിരിക്കെ അടുത്ത ഇറക്കുമതിക്ക് പൊതുവേ താല്‍പര്യം കുറഞ്ഞു. എന്നാല്‍, നേരത്തെയുള്ള കരാര്‍ പ്രകാരം വിയറ്റ്‌നാം മുളകിന്റെ ഇറക്കുമതി തുടരുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ ശ്രീലങ്ക ഒഴികെ മറ്റു ഉത്‌പാദക രാജ്യങ്ങള്‍ കയറ്റുമതി നിരക്ക് ഉയര്‍ത്തി. ഒരു ടണ്‍ കുരുമുളകിന് കയറ്റുമതി നിരക്കില്‍ ഇന്ത്യ 300, ഇന്തോനീഷ്യ 100, ബ്രസീല്‍ 400, വിയറ്റ്‌നാം 300 ഡോളര്‍ വില ഉയര്‍ത്തിയാണ് കഴിഞ്ഞ വാരാന്ത്യം ഓഫര്‍ ചെയ്‌തത്.
ഇന്ത്യയുടെ നിരക്ക് ഒരു ടണ്‍ കുരുമുളകിന് കയറ്റുമതി 6,600, വിയറ്റ്‌നാം 3,600, ബ്രസീല്‍ 3,300, ഇന്തോനീഷ്യ 3,600 ഡോളര്‍ നിരക്ക് രേഖപ്പെടുത്തി. ശ്രീലങ്ക 3500 ഡോളറില്‍ മാറ്റമില്ലാതെ നിര്‍ത്തി.ശ്രീലങ്കയില്‍ ആഭ്യന്തര കലാപം തുടര്‍ന്നുകൊണ്ടിരിക്കെ ശ്രീലങ്കയില്‍നിന്നുള്ള കയറ്റുമതി മാന്ദ്യത്തിലാണ്. കഴിഞ്ഞവാരം കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ 188 ടണ്‍ കുരുമുളക് വില്‍പ്പനയ്‌ക്കെത്തി. വാരാന്ത്യ വില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 49,400, ഗാര്‍ബിള്‍ഡ് മുളക് 51,400, പുതിയ മുളക് 42,400 രൂപ.