ആവേശം അവസാന ഓവര്‍ വരെ നിലനിര്‍ത്തിയായിരുന്നു ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനവും
ട്രിനിനാഡ്: ആവേശം അവസാന ഓവര്‍ വരെ നിലനിര്‍ത്തിയായിരുന്നു ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനവും.
ഒടുവില്‍ രണ്ട് വിക്കറ്റിന് ഇന്ത്യ ജയം നേടി. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്ബര (2-0) ഇന്ത്യ സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ രണ്ടു പന്തുകള്‍ ശേഷിക്കെ ജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: വിന്‍ഡീസ്-311/6, ഇന്ത്യ-312/8
35 പന്തില്‍ 64 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അഞ്ച് സിക്‌സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു അക്‌സറിന്റെ പ്രകടനം. അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും (63 റണ്‍സ് 71 പന്തില്‍) മലയാളി താരം സഞ്ജു സാംസണും (54 റണ്‍സ് 51 പന്തില്‍) ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ടു.
ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. സ്കോര്‍ബോര്‍ഡില്‍ 79 റണ്‍സ് തികയുന്നതിനിടെ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും മടങ്ങി. പിന്നീടാണ് ശ്രേയസ് അയ്യര്‍-സഞ്ജു സാംസണ്‍ സഖ്യം ഒന്നിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് പുറത്തായതിന് പിന്നാലെ സഞ്ജു റണ്ണൗട്ടായി മടങ്ങി. പിന്നെ വാലറ്റത്തെ കൂട്ടുപിടിച്ചായികുന്നു അക്‌സര്‍ കുതിച്ചത്. അവസാന മൂന്ന് പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ അവസാന ഓവറിലെ നാലാം പന്ത് സിക്‌സര്‍ പറത്തി താരം ടീമിനെ വിജയതീരത്തെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പിന്റെ മികവിലാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്. 135 പന്തില്‍ നിന്ന് 115 റണ്‍സാണ് ഹോപ്പ് അടിച്ചുകൂട്ടിയത്. 77 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിക്കോളാസ് പുരനും വിന്‍ഡീസ് നിരയില്‍ തിളങ്ങി. ഇന്ത്യക്ക് വേണ്ടി ശാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.