‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയിലൂടെ ഇടുക്കി ജില്ലയില്‍ വീണ്ടെടുത്തത് 320.3 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍
തൊടുപുഴ: ജലസ്രോതസുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയിലൂടെ ഇടുക്കി ജില്ലയില്‍ വീണ്ടെടുത്തത് 320.3 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍.
പദ്ധതിയുടെ ഭാഗമായി 303 നീര്‍ച്ചാലുകള്‍ ശുചീകരിച്ചു.തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ തോടുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്ത് സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളോടെയാണ് ജലസ്രോതസുകള്‍ വീണ്ടെടുക്കാനായത്. പ്രാദേശിക അടിസ്ഥാനത്തില്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇനി ഞാനൊഴുകട്ടെ കാമ്ബയിന്‍ ആരംഭിച്ചത്.
കാലവര്‍ഷത്തില്‍ പെയ്ത മഴയില്‍ വെള്ളക്കെട്ടിന്റെ രൂക്ഷത കുറയ്ക്കുന്നതടക്കം ഇത് സഹായകമായതായാണ് വിലയിരുത്തല്‍. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്വാഭാവിക ഒഴുക്ക് നഷ്ടമായ ജലാശയങ്ങള്‍ കണ്ടെത്തിയാണ് ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
മൂന്നാം ഘട്ടത്തില്‍ ഇളംദേശം ബ്ലോക്കില്‍ കരിമണ്ണൂര്‍ തോട്, ഉടുന്പന്നൂരിലെ ആള്‍ക്കല്ല് തോട്, കോടിക്കുളം വലിയ തോട്, വെള്ളിയാമറ്റം ഞരളന്പുഴ തോട് ആലക്കോട് പന്നിമറ്റം- ചവര്‍ണ തോട് എന്നിവയും ഇടുക്കി ബ്ലോക്കില്‍ കാമാക്ഷി അന്പലവയല്‍ തോട്, പാറക്കടവ് തോട്, തങ്കമണി കോളനി റോഡ്, തങ്കമണി പാറക്കടവ് റോഡ് എന്നിവ ശുചീകരിച്ചു.
തൊടുപുഴയില്‍ കുമാരമംഗലം വെട്ടിക്കുഴി പാടം റോഡ്, പുറപ്പുഴ മാറിക തോട്, മുട്ടം തച്ചിലം കുന്ന് ഭാഗം തോട്, ഇടവെട്ടി നടയം തോട്, പുല്‍പറന്പില്‍ പാടശേഖരം തോട്, ദേവികുളത്ത് മൂന്നാര്‍ -മുതിരപ്പുഴയാര്‍, മാങ്കുളം പുഴ എന്നിവയും അടിമലി ബ്ലോക്കില്‍ ബൈസന്‍വാലിയില്‍ കാക്കാക്കട- ചൊക്രമുടി തോട് എന്നിവയും നെടുങ്കണ്ടം ബ്ലോക്കില്‍ കരുണാപുരം പാറക്കട കൂട്ടാര്‍ തോട്, കരുണാഭാഗം തോട്, രാജാക്കാട് പഴയവിടുതി തോട്, അടിവാരം ബൈപാസ് തോട് എന്നിവയാണ് ശുചീകരിച്ചത്.
തദ്ദേശഭരണസ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ജലസേചന വകുപ്പിന്റെയും സഹകരണത്തോടെയാണ് ഹരിതകേരളം മിഷന്റെ കാന്പയിന്‍ പുരോഗമിക്കുന്നത്.