എംബിബിഎസ് അവസാന വര്‍ഷക്കാര്‍ക്കുള്ള ‘നെക്സ്റ്റ്’ 2023 മുതല്‍
ന്യൂഡല്‍ഹി: അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള ലൈസൻസ് പരീക്ഷയായ ‘നെക്സ്റ്റ്’ അഥവാ നാഷണൽ എക്സിറ്റ് ടെസ്റ്റ് 2023 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പ്രഖ്യാപിച്ചു. ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൂർത്തിയായെന്നും ഉടൻ പുറത്തിറക്കുമെന്നും വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി എൻഎംസി പറഞ്ഞു.
നെക്സ്റ്റ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് നടത്തുക. ഇതിന് മുമ്പ് മോക്ക് ടെസ്റ്റ് ഉണ്ടാകും. എന്‍.എം.സി. നിയമപ്രകാരം നെക്സ്റ്റ് പരീക്ഷ പാസാകുന്ന അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന-ദേശീയ മെഡിക്കല്‍ രജിസ്റ്ററില്‍ പേരുചേര്‍ത്തശേഷം പ്രാക്ടീസ് ചെയ്യാം. പിജി മെഡിക്കൽ പ്രവേശനത്തിനും വിദേശ മെഡിക്കൽ ഡിഗ്രി എക്സാമിനേഷനും (എഫ്എംജിഇ) ബദലായിരിക്കും നെക്സ്റ്റ്. നെക്സ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അടുത്ത അധ്യയന വർഷം മുതൽ നീറ്റ്-പിജി പരീക്ഷ ഉണ്ടാകില്ല. എയിംസ് ഉൾപ്പെടെയുള്ള കോളേജുകളിൽ പി.ജി കോഴ്സുകളിൽ നെക്സ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം. നിങ്ങളുടെ റാങ്ക് മെച്ചപ്പെടുത്തുന്നതിന് ഒന്നിലധികം തവണ നെക്സ്റ്റ് എഴുതാം.