കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യം തടയാനായി കേരള പൊലീസ് രൂപീകരിച്ച കൂട്ട് എന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 26 ന്
കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യം തടയാനായി കേരള പൊലീസ് രൂപീകരിച്ച കൂട്ട് എന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് പദ്ധതിയുടെ ഉദ്ഘാടന വിവരങ്ങള്‍ പങ്കുവെച്ചത്. മൊബൈല്‍ അടിമത്തത്തില്‍നിന്ന് കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസ് പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നത്.
നേരത്തേ നടപ്പാക്കിയ ‘കിഡ്‌സ് ഗ്ലോവ് ‘ പദ്ധതിയുടെ തുടര്‍ച്ചയായാണ് ‘കൂട്ട്’ എത്തുന്നത്. മൊബൈലിന്റെ അമിതോപയോഗം, സൈബര്‍ തട്ടിപ്പ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ട് പദ്ധതി ദിശാബോധം നല്‍കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.
“കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കേരള പോലീസ്, ‘ബച് പന്‍ ബച്ചാവോ ആന്തോളന്‍’ എന്ന സംഘടനയുമായി സഹകരിച്ച് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന ബോധവല്‍ക്കരണ / നിയമസഹായ പദ്ധതിയാണ് “കൂട്ട് 2022.” പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ജൂലൈ 26 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്റെറി സ്കൂളില്‍ വച്ച് നിര്‍വഹിക്കുന്നു.
ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി, തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ സമഗ്ര ബോധവല്‍ക്കരണം നടത്തുന്നതോടൊപ്പം കുറ്റകൃത്യങ്ങള്‍ക്കിരയായ കുട്ടികള്‍ക്ക് മാനസ്സിക-നിയമസഹായം ഉറപ്പാക്കാനായി കൗണ്‍സിലിംഗ് സെന്ററുകള്‍ സ്ഥാപിക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്”. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ കേരള പൊലീസ് വ്യക്തമാക്കി.