ആരോഗ്യ രംഗത്ത് സുസ്ഥിരമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി റോഷി അഗസ്റ്റിന്
ഇടുക്കി പൊതുജന ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ആരോഗ്യ രംഗത്ത് സുസ്ഥിരമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും കട്ടപ്പന നഗരസഭയുടെയും ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നേത്യത്വത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് സ്കൂളില്‍ നടത്തിയ കട്ടപ്പന റവന്യൂ ബ്ലോക്ക് തല ആരോഗ്യ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. മഹാമാരി ഘട്ടത്തില്‍ ഏറ്റവും മികച്ച ചികിത്സ ഒരുക്കാനായി. താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചു.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു. പാലിയേറ്റിവ് സംവിധാനം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നു. ആരോഗ്യ മേഖല വളര്‍ച്ചയുടെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്കറിയ കണ്ണമുണ്ടയില്‍ അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നിന്ന് വന്‍ ജനാവലിയുടെ പങ്കാളിത്തത്തോടെ വിളംബര റാലിയോടെ മേളയ്ക്ക് തുടക്കമായി. 33 കേരള ബറ്റാലിയന് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ എച്ച്. ഷുക്കൂര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വജ്ര ജൂബിലി കലാപരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വഹിച്ചു. മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള സിഗ്നേച്ചര്‍ ക്യാമ്ബയിന് നഗരസഭ വൈസ് ചെയര്മാന് ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ വിഷയത്തില്‍ ഐ.സി.ഡി.എസ് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ സിനിമോള്‍ മാത്യു, ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തില്‍ എക്സൈസ് വിമുക്തി നോഡല്‍ ഓഫീസര്‍ സാബുമോന് എം.സി എന്നിവര്‍ സെമിനാറുകള്‍ നയിച്ചു.