മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും; മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ആറ് മാസത്തിനകം നൂറ് ഡോക്ടര്‍മാരെ നിയമിച്ച് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.
ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച ആശുപത്രി വികസന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് അനുബന്ധ സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. വര്‍ക്ക്ഷോപ്പില്‍ കയറ്റിയിട്ടുള്ള രണ്ടു ആംബുലന്‍സുകള്‍ ഉടന്‍ തന്നെ നന്നാക്കി നല്‍കാനുള്ള നടപടി സ്വീകരിക്കും. താഴെയും മുകളിലുമായുള്ള ബ്ലോക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള മേല്‍പ്പാലം പണിയുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ലഭിക്കുന്ന സേവനം കൃത്യമായി രോഗികള്‍ക്ക് ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നും സൗജന്യമായി നല്‍കി വരുന്ന ഇന്‍സുലിന്‍ പോലുള്ള മരുന്നുകള്‍ ലഭിക്കുന്നതിനുള്ള താമസവും അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. മെഡിക്കല്‍ കോളേജില്‍ പഠനത്തിനുള്ള സൗകര്യം ഉടന്‍ ആരംഭിക്കണമെന്നും കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സ്സെന്ററിന്റെ പ്രവര്‍ത്തനവും എല്ലാ ചൊവ്വഴ്ചകളിലും കുട്ടികള്‍ക്കായുള്ള ക്ലബ് ഫുട് ക്ലിനിക്കിന്റെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. നേഫ്റോളജി, ഓങ്കോളജി, കാര്‍ഡിയോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങള്‍ തുടങ്ങുന്നതിനായുള്ള അപേക്ഷയും സര്‍ക്കാരില്‍ നല്‍കിയിട്ടുണ്ട്. പുതിയതായി നിര്‍മ്മിച്ച കാന്റീനിന്റെ പ്രവര്‍ത്തനം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്നും പഴയ കാന്റീനിന്റെ പ്രവര്‍ത്തനം തുടരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രണ്ട് യോഗത്തില്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അദ്ധ്യക്ഷയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി. വര്‍ഗീസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നീന ഡി. ശ്യാം, മെഡിക്കല്‍ കോളേജ് ഡോ. സുപ്രണ്ട് സുരേഷ് വര്‍ഗീസ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.