സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കാൻ സിപിഎം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ, സി.പി.എം ദേശീയപതാക ഉയർത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് പാർട്ടിയുടെ തീരുമാനം. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും ഭരണഘടനയോടുള്ള പ്രതിബദ്ധത ബോധ്യപ്പെടുത്താനുമാണ് നീക്കം.
പാർട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാനപ്രകാരം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 1 മുതൽ 15 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെ ഭരണഘടന അംഗീകരിക്കുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു. “തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. തൊഴിലാളികളുടെ ചൂഷണം അംഗീകരിക്കുന്ന ഇന്ത്യൻ ഭരണഘടനയാണ് ഇതിന് കാരണം. അംബാനിയും അദാനിയും രാജ്യത്ത് വളരുന്നത് ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷ മൂലമാണ്. എത്ര പേർക്ക് അവർക്കെതിരെ പ്രതിഷേധിക്കാൻ കഴിയും? കോടതികളും പാർലമെന്റും എല്ലാം മുതലാളിമാർക്കൊപ്പമാണ്. മോദി സർക്കാരിനെപ്പോലുള്ളവർ മുതലാളിമാർക്ക് അനുകൂലമായി എടുത്ത തീരുമാനങ്ങളും നടപടികളും ഇന്ത്യൻ ഭരണസമിതി അവരോടൊപ്പമുണ്ടെന്നതിന്റെ തെളിവാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിന് പിന്നാലെയാണ് പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർന്നത്. നിയമസഭയിൽ പ്രതിപക്ഷം വൻ പ്രതിഷേധം സംഘടിപ്പിച്ചതോടെ സജി ചെറിയാന്റെ രാജിക്കായി തെരുവിലും പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. ‘ഭരണഘടനയോട് കൂറില്ലാത്ത ഒരു മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാൻ കഴിയും’, ‘സജി ചെറിയാന്റെത് സത്യപ്രതിജ്ഞാ ലംഘനം’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലെത്തിയത്.