ഇനി ലോകത്തെവിടെയിരുന്നും വള്ളംകളി ഉദ്ഘാടനം ചെയ്യാം!
ആലപ്പുഴ: ഇനി അമേരിക്കൻ പ്രസിഡന്റിന് പോലും നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാം. അതിനുള്ള സംവിധാനമാണ് ഇത്തവണ വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിൽ ഒരുക്കുന്നത്.
മുഹമ്മ ചിറയിൽ ഋഷികേശ് ആണ് ഇത് ഒരുക്കിയത്. നേരത്തെ, വള്ളംകളിയിലെ സ്റ്റാർട്ടിംഗ് സിസ്റ്റം ആധുനികവത്കരിച്ചത് ഋഷികേശ് ആയിരുന്നു. ഇത്തവണയും, ഒരു സ്റ്റാർട്ടിംഗ് സിസ്റ്റം സ്ഥാപിക്കാനുള്ള നിർദ്ദേശം ലഭിച്ചതോടെ, അത് കൂടുതൽ മെച്ചപ്പെടുത്തുകയാണ്. ഇതോടെ ലോകത്തെവിടെയിരുന്നും ബട്ടണമർത്തിയാൽ, ഉപഗ്രഹ മൊബൈൽഫോൺ സംവിധാനത്തിലൂടെ ഇവിടെ സ്റ്റാർട്ടിങ്ങിനുള്ള വെടിപൊട്ടും.
ദൂരെത്തുള്ളയാളുടെ ഫോണും സ്റ്റാർട്ടിങ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണും തമ്മിൽ വീഡിയോ കോൾ വഴി ബന്ധപ്പെടുത്തിയാണ് ഇത് നിർവഹിക്കുന്നത്. ദൂരെത്തുള്ളയാൾ തന്റെ ഫോണിലെ ബട്ടണിൽ അമർത്തുമ്പോൾ ബീപ് എന്ന ശബ്ദത്തോടെ റിസീവർ ഫോൺ പ്രവർത്തിച്ച് വെടിപൊട്ടുകയാണ് ചെയുക.