പുലര്‍ച്ചെ നാല് മണിയോടെ വീടിന് മുന്നിലെത്തി കാട്ടാന വീടിന്റെ ചുമരുകള്‍ തകര്‍ത്തു
ഇടുക്കി : കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറിലെ എസ്റ്റേറ്റുകളില്‍ കാട്ടാനകള്‍ ഭീതി പടര്‍ത്തുന്നതിനിടെ കഴിഞ്ഞ ദിവസം ആക്രമണം നേരിടേണ്ടി വന്നത് നയമക്കാടിലെ എസ്റ്റേറ്റിലെ ദമ്ബതികള്ക്കാണ്.
കാട്ടാനയുടെ മുമ്ബില്പ്പെട്ട യുവാവിനെ കാട്ടാന ചുഴറ്റിയെറിഞ്ഞതിനു പിന്നാലെയായിരുന്നു നയമക്കാട് എസ്റ്റേറ്റിലെ ദമ്ബതികള്‍ക്ക് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. നയമക്കാട് എല്‍പി സ്കൂളിലെ പ്രധാനാധ്യാപിക മഹാലക്ഷ്മി, ഭര്‍ത്താവ് സോളമന് രാജാ എന്നിവര്‍ക്കാണ് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്.
പുലര്‍ച്ചെ നാല് മണിയോടെ വീടിന് മുന്നിലെത്തി കാട്ടാന വീടിന്റെ ചുമരുകള്‍ തകര്‍ത്തു. വീടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും അവിടെ തന്നെ നിലയുറപ്പിച്ച കാട്ടാന ഭീതി ജനിപ്പിച്ചതോടെ, മറ്റൊരു വാതിലിലൂടെ പുറത്തു കടന്ന ദമ്ബതികള്‍ അടുത്തുള്ള സ്കൂള്‍ കെട്ടിടത്തില്‍ അഭയം തേടുകയായിരുന്നു. ഫോണിലൂടെ വിവിരം അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തുകയും ശബ്ദം ഉയര്‍ന്നതോടെ കാട്ടാന മടങ്ങുകയും ചെയ്തതോടെയാണ് ദമ്ബതികളുടെ ശ്വാസം നേരെ വീണത്. ഒരാഴ്ചയ്ക്ക് മുമ്ബ് ഈ സ്കൂളിന്റെ ശുചിമുറികള്‍ കാട്ടാന തകര്‍ത്തിരുന്നു.