പിടി ഉഷ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡെല്‍ഹി: പിടി ഉഷ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച പതിനൊന്ന് മണിക്ക് രാജ്യസഭ ചേര്‍ന്നയുടനെയായിരുന്നു സത്യപ്രതിജ്ഞ.
ഹിന്ദിയിലായിരുന്നു സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞക്ക് ശേഷം പിടി ഉഷ പ്രധാനമന്ത്രിയെ കണ്ടു.
ഹിന്ദിയില്‍ പ്രതിജ്ഞ ചൊല്ലിയതിനെ മോദി അഭിനന്ദിച്ചെന്ന് ഉഷ പിന്നീട് പറഞ്ഞു. കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഉഷ വിശദീകരിച്ചു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടഭ്യര്‍ഥിച്ചെന്നും, സംസ്ഥാന വികസനത്തിനും, സ്‌പോര്‍ട്‌സിന്റെ വളര്‍ചക്കും എല്ലാ എംപിമാരോടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഉഷ വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നും പിടി ഉഷയെ ബിജെപി എംപിയായി നിയോഗിച്ചത്. കായിക താരം എന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാര്‍ശ ചെയ്തത്.
കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെത്തിയ ഉഷ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കാണാന്‍ ഉഷയുടെ കുടുംബവും പാര്‍ലമെന്റില്‍ എത്തിയിരുന്നു.