തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടി വരുമെന്ന് ഇടുക്കി ജില്ലാ വികസന കമ്മീഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു
ഇടുക്കി : തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടി വരുമെന്ന് ഇടുക്കി ജില്ലാ വികസന കമ്മീഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.
ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ തോട്ടം ഉടമകളുടെയും യൂണിയന്‍ നേതാക്കളുടെയും വിളിച്ച യോഗത്തിലാണ് വികസന കമ്മീഷണറുടെ പരാമര്‍ശം.
മഴ കനത്തതോടെ ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങളില്‍ ഭീതിയോടെ കഴിയുന്ന തൊഴിലാളികളുടെ ദുരിതം വാര്‍ത്തയായതോടെയാണ് ജില്ല ഭരണകൂടം ഇടപെട്ടത്. കളക്ടറുടെ നിര്‍ദേശ പ്രകാരം പീരുമേട്ടില്‍ വിളിച്ച യോഗത്തില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളെല്ലാം എത്തി. പക്ഷേ പീരുമേട് താലൂക്കിലെ 48 തോട്ടങ്ങളില്‍ നിന്നും 11 പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തത്. ഇത്തരം ഉദാസീന നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും പങ്കെടുക്കാത്ത തോട്ടമുടമകള്‍ക്ക് നോട്ടീസ് അയക്കുമെന്നും ജില്ല വികസന കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
ആയിരത്തോളം ലയങ്ങളിലായി മൂവായിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് തൊഴില്‍ വകുപ്പിന്‍റെ ഏകദേശ കണക്ക്. ഇത് സംബന്ധിച്ച സംയുക്ത പരിശോധന പൂര്‍ത്തിയായിട്ടില്ല. രണ്ടാഴ്ചക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനു ശേഷം വീണ്ടും യോഗം ചേരും.
ലയങ്ങളുടെ നവീകരണത്തിനായി സര്‍ക്കാര്‍ പത്തു കോടി രൂപ അനുവദിച്ചിരുന്നു. എന്നാലിത് പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന് കൈമാറാനാണ് നിര്‍ദേശം. പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കാത്തതിനാല്‍ തുക നല്‍കിയിട്ടില്ല. ഈ തുക ഉപയോഗിച്ച് ലയങ്ങള്‍ നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കും.