ഒടുവിൽ കീഴടങ്ങി കാർ ഡ്രൈവർ ;കട്ടപ്പനയിൽ വാഹനമിടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ ഡ്രൈവർ നെടുങ്കണ്ടം സ്വദേശി ഷിഹാബ് റിമാൻഡിലായി.മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ഇയാൾ ശ്രമിച്ചെങ്കിലും കോടതി തള്ളി.
ഇടുക്കി കവലയിലെ ത്രീ കിംഗ്സ് സ്റ്റോഴ്സ് ഉടമ ഫിലിപ്പോസിന്റെ ( മോനച്ചൻ) മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ വാഹനമോടിച്ച നെടുങ്കണ്ടം സ്വദേശി ഒടുവിൽ കീഴടങ്ങി.കൽകൂന്തൽ പള്ളിത്താഴെ ഷിഹാബ് ആണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച്ച കട്ടപ്പന പൊലീസിൽ കീഴടങ്ങിയത്.ഇയാളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ മെയ് 29 നാണ് മദ്യ ലഹരിയിൽ ഷിഹാബ് ഓടിച്ചിരുന്ന കാർ പാറക്കടവിൽ വച്ച് മോനച്ചന്റെ സ്കൂട്ടറിന് പിന്നിലിടിച്ചത്. സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാൻ പോകും വഴി ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡിലേയ്ക്ക് തിരിയുവാൻ ഇൻഡിക്കേറ്റർ തെളിയിച്ച് കാത്ത് നിൽക്കവേയാണ് മോനച്ചനെ ഷിഹാബ് ഓടിച്ച എർട്ടിഗ കാർ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിച്ചത്.ഇടിയുടെ ആഘാതത്തിൽ കാറിന്റെ ചില്ലിൽ ഇടിച്ച ശേഷം തെറിച്ച് റോഡിലേയ്ക്ക് വീണാണ് മോനച്ചന് തലയ്ക്ക് പരിക്കേറ്റത്.ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പാലായിലെ സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി.എന്നാൽ മരണം സംഭവിക്കുകയായിരുന്നു. വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത ശേഷം പൊലീസ് കാർ ഡ്രൈവറെ വിട്ടയച്ചിരുന്നു.എന്നാൽ പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടതോടെ പിന്നീട് പ്രതി ഒളിവിൽ പോയി.ഇതിനിടെ മനപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പടെ കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ എടുത്തെങ്കിലും ഷിഹാബിനെ കണ്ടെത്താനായിരുന്നില്ല. ഷിഹാബിന്റെ വീടും പരിസരവും ചുറ്റിപ്പറ്റി അന്വേഷണം നടത്തിയെങ്കിലും ഇയാൾ കൊച്ചിയിലേയ്ക്ക് കടന്നിരുന്നുവെന്നാണ് ലഭിച്ച വിവരം.ഇവിടെ നിന്ന് പേരുകേട്ട വക്കീൽ വഴി മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ഷിഹാബ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊലീസിന്റെ വ്യക്തമായ കണ്ടെത്തലുകൾ അടങ്ങുന്ന റിപ്പോർട്ട് ശരി വച്ച് കോടതി അപേക്ഷ തള്ളി.തുടർന്ന് കീഴടങ്ങുവാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
അപൂർവ്വമായിട്ടാണ് വാഹനാപകടത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.കട്ടപ്പന സി ഐ വിശാൽ ജോൺസണും ,എസ് ഐ കെ .ദിലീപ് കുമാറുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ