കേരളത്തിലെ ചക്ക സീസണില്‍ കൂടുതല്‍ നേട്ടമിട്ട് ഇടുക്കി

ഇടുക്കി: കേരളത്തിലെ ചക്ക സീസണില്‍ കൂടുതല്‍ നേട്ടമിട്ട് ഇടുക്കി. 5.7 കോടി ചക്കകളാണ് ഇടുക്കി ജില്ലയില്‍ ഓരോ സീസണിലും ശരാശരി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
സംസ്ഥാന കാര്‍ഷിക സ്ഥിതി വിവര കണക്കുകള്‍ പ്രകാരം 28.6 കോടി ചക്കകളാണ് ഒരു സീസണില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
ചക്ക ഉല്‍പ്പാദനത്തില്‍ രണ്ടാമത് വയനാടും തിരുവന്തപുരവുമാണ് 2.6 കോടി ചക്കകളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. 60 ലക്ഷം മാത്രം ഉല്‍പ്പാദനമുള്ള ആലപ്പുഴയാണ് ഏറ്റവും പുറകില്‍. മലപ്പുറം 2.4 കോടി, കോഴിക്കോട് 2.4 കോടി, പാലക്കാട് 2.1 കോടി, കൊല്ലം 1.9 കോടി, തൃശൂര്‍ 1.6 കോടി, കണ്ണൂര്‍ 1.5 കോടി, എറണാകുളം 1.5 കോടി, കോട്ടയം 1.4 കോടി, കാസര്‍കോട് 1.2 കോടി, പത്തനംതിട്ട 1.1 കോടി എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഉല്‍പ്പാദനം.
ചക്ക കേരളത്തില്‍ സുലഭമാണെങ്കിലും വിപണിസാധ്യതകളെ വേണ്ടുവോളം പ്രയോചനപ്പെടുത്തിയിട്ടില്ല എന്ന പരാതികളും ഉണ്ട്. നിലവില്‍ ഇടുക്കി ജില്ലയിലെ കലയന്താനിയിലും വയനാട് മുട്ടിലിലും ചക്ക വിപണനകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ജില്ലകളിലെ വിപണനശൃംഖല കൂടുതല്‍ വിപുലീകരിക്കുന്നതിന് ചക്കസംഭരണത്തിന് കിലോക്ക് അഞ്ച് രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കാനും പദ്ധതിയുണ്ട്. അതേസമയം ഇത്തരം പദ്ധതികള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചിട്ടില്ല. കൃഷി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 100 ടണ്‍ ചക്കകളാണ് 2020, 2021, 2022 വര്‍ഷങ്ങളില്‍ വിപണനം നടത്തിയത്. ചക്കപ്പൊടി, ചക്കഹല്‍വ, ചക്കക്കുരു പൊടി തുടങ്ങിയവക്കെല്ലാം ഓണ്‍ലൈന്‍ വിപണിയിലടക്കം പ്രിയമേറിയിട്ടുണ്ട്.
ചക്കയോടും ചക്കയുല്‍പ്പന്നങ്ങളോടും താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിപണന സാധ്യതകള്‍ക്ക് അവസരം ഒരുക്കണമെന്നാണ് കാര്‍ഷിക മേഖലയിലുള്ളവരുടെ ആവശ്യം. വി.എഫ്.പി.സി.കെ മുഖേന പഴവര്‍ഗ കൃഷി വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കയുടെ സംഭരണം, വിപണനം, മൂല്യവര്‍ധനം എന്നിവ നടപ്പാക്കുന്നതിന് പദ്ധതി വരുന്നുണ്ടെന്നും കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. ചക്കയുടെ ഉപയോഗസാധ്യതകളെ കുറിച്ച് ശാസ്ത്രീയ അറിവ് നല്‍കുന്നതിന് കാര്‍ഷിക സര്‍വകലാശാല വഴി പ്രത്യേക പഠനം നടത്തുന്നത് പരിഗണനയിലുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.