നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍; അനിശ്ചിതത്വത്തിൽ ഇന്ത്യന്‍ വിദ്യാർത്ഥികൾ
ചാവക്കാട് (തൃശ്ശൂര്‍): പഠനം തുടരണമെങ്കിൽ നേരിട്ട് ഹാജരാകാനുള്ള യുക്രൈൻ സർവകലാശാലകളുടെ അറിയിപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലായി ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ. അടുത്ത അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ സെപ്റ്റംബറിലാണ് ആരംഭിക്കുക. യുദ്ധക്കളത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയും ഓൺലൈൻ ക്ലാസുകളെ ആശ്രയിക്കുകയും ചെയ്ത വിദ്യാർത്ഥികളെ ഈ പ്രഖ്യാപനം കുഴപ്പിക്കുകയാണ്.
യുക്രെയ്നിലെ ഇന്ത്യൻ എംബസിയെ ഇക്കാര്യം അറിയിച്ചപ്പോൾ, യുക്രെയ്നിലേക്ക് പോകാൻ തങ്ങൾക്ക് കഴിയില്ലെന്നും കോളേജ് അധികൃതർ ഇത് സംബന്ധിച്ച് ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നും സന്ദേശം ലഭിച്ചു. എന്നാൽ, ഓൺലൈൻ ക്ലാസുകൾ ഉണ്ടാകില്ലെന്ന് കോളേജുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് വിവരം ലഭിക്കുന്നുണ്ട്. പരിഹാരം വൈകിയാൽ വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടമാകും.
യുദ്ധക്കളത്തിൽ നിന്ന് വേഗത്തിൽ മടങ്ങേണ്ടി വന്നതിനാൽ പ്ലസ് ടു ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളോ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകളോ നേടാൻ ഇവരിൽ ഭൂരിഭാഗം പേർക്കും കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ, വേറൊരു കോഴ്സിന് പോകാനുമാകില്ല. വിദ്യാർത്ഥികൾ വീട്ടിൽ തിരിച്ചെത്തിയ ശേഷം മെയ് വരെ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരുന്നു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ യുക്രെയിനിൽ അവധിക്കാലമായതിനാല്‍ ക്ലാസുകളില്ല.