“വിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല”
ന്യൂഡല്‍ഹി: വിവാഹം കഴിക്കാതെ പങ്കാളികൾ ഒരുമിച്ചുള്ള ലിവ്-ഇൻ റിലേഷൻഷിപ്പിൽ ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. നിലവിലെ നിയമപ്രകാരം വിവാഹേതര ബന്ധത്തിൽ ഗർഭഛിദ്രം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ലിവ് ഇൻ റിലേഷൻഷിപ്പിൽ നിന്ന് വേർപിരിഞ്ഞ 25 കാരിയായ സ്ത്രീയാണ് ഹർജിക്കാരി. വേർപിരിഞ്ഞ ബന്ധത്തിൽ താൻ ഗർഭിണിയാണെന്നും ഗർഭച്ഛിദ്രത്തിന് അനുമതി വേണം എന്നുമാണ് യുവതി ആവശ്യപ്പെട്ടത്. ഈ മാസം 18ന് യുവതി 24 ആഴ്ച ഗർഭധാരണം പൂർ ത്തിയാക്കും. ഈ സാഹചര്യത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടിയത്.
ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ചയാണ് കേസ് പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് വിധി പ്രസ്താവിക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.