ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചുകടന്ന കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ ; ഒരാളെ പൊലീസ് തിരയുന്നു
കട്ടപ്പന: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചുകടന്ന കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഒരാളെ പൊലീസ് തിരയുന്നു.
തോപ്രാംകുടി ദൈവമേട് അരീക്കുന്നേല്‍ വീട്ടില്‍ രാഹുല്‍ (26), തോപ്രാംകുടി സ്കൂള്‍ സിറ്റി മൈലക്കല്‍ വീട്ടില്‍ അതുല്‍ (24), സഹോദരന്‍ അഖില്‍ (21) എന്നിവരെയാണ് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ഇരട്ടയാര്‍ ശാന്തിഗ്രാം ഇടിഞ്ഞമല കോലമ്മാക്കല്‍ പെണ്ണമ്മയുടെ (80) ഒന്നരപ്പവന്‍റെ മാല കവര്‍ന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്. പൊലീസ് പറയുന്നത്: കഴിഞ്ഞ എട്ടിന് ഉച്ചക്ക് ഒന്നരയോടെ വിജനമായ റോഡിലൂടെ വരുകയായിരുന്നു പെണ്ണമ്മ. അഖിലിന്‍റെ ബൈക്കിലാണ് അതുലും രാഹുലും എത്തിയത്. രാഹുല്‍ പെണ്ണമ്മയെ കണ്ട് റോഡില്‍ ഇറങ്ങുകയും അതുല്‍ മുന്നോട്ടുപോവുകയും ചെയ്തു. രാഹുല്‍ ഒരാളുടെ പേരുപറഞ്ഞ് അറിയുമോയെന്ന് ചോദിച്ചു.
അറിയില്ലെന്നുപറഞ്ഞ് മുന്നോട്ടുനീങ്ങിയ പെണ്ണമ്മയെ ഇയാള്‍ പിന്തുടര്‍ന്നെത്തി മാലപൊട്ടിച്ചു ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പിടിവലിക്കിടെ താഴെവീണ പെണ്ണമ്മക്ക് പരിക്കേറ്റു. പ്രതികള്‍ തോപ്രാംകുടിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല 40,000 രൂപക്ക് പണയംവെച്ചു. പിന്നീട് തിരിച്ചെടുത്ത് മറ്റൊരാളുടെ സഹായത്തോടെ മാല വിറ്റു. വില്‍ക്കാന്‍ സഹായിച്ച ആളെ പൊലീസ് അന്വേഷിച്ചുവരികയാണ്.
അന്വേഷണസംഘത്തില്‍ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍, തങ്കമണി ഇന്‍സ്‌പെക്ടര്‍ എ. അജിത്, എസ്.ഐമാരായ അഗസ്റ്റിന്‍, സജിമോന്‍ ജോസഫ്, സി.പി.ഒമാരായ ടോണി ജോണ്‍, വി.കെ. അനീഷ്, ജോബിന്‍ ജോസ്, പി.ജെ. സിനോജ്, സിജു, ജിമ്മി എന്നിവരാണ് ഉണ്ടായിരുന്നത്.