മുല്ലപെരിയാർ ഡാം : ജനങ്ങൾ ആശങ്കപ്പെടെണ്ടതില്ല ; ജില്ലാ കളക്ടർ
മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910) അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869-232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (15.07.22) രാവിലെ 10.00 മണിക്ക് 133.55 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ജലനിരപ്പ് 134.30 അടിയായി ഉയർന്നിട്ടുണ്ട്.
ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പുകൾ ഇടുക്കി ജില്ലയിൽ നിലനിൽക്കുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ജൂലൈ 10 മുതൽ 19 വരെ തീയതികളിൽ അപ്പർ ബൌണ്ടറി ലെവൽ 136.30 അടിയായി നിജപ്പെടുത്തിയിട്ടുള്ളതാണ്. തുടർന്ന് ജൂലൈ 20 മുതൽ 30 വരെ തീയതികളിൽ 136.60 അടിയിലേക്ക് അപ്പർ ബൌണ്ടറി ലെവൽ എത്തിച്ചേരും. ഈ കാലയളവിൽ ജലനിരപ്പ് അപ്പർ ബൌണ്ടറി ലെവൽ എത്തിയാൽ ഡാമിന്റെ സ്പിൽവേയിലൂടെ തമിഴ് നാട് ഭാഗത്തു നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യത ഉള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ ജാഗ്രത പാലിക്കണം.