പോക്സോ കേസിൽ റിമാൻഡിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം
പോക്സോ കേസിൽ റിമാൻഡിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകാമെന്ന് ഭാര്യയും അച്ഛനും സത്യവാങ്മൂലം നൽകണമെന്നതാണ് ഒരു നിബന്ധന. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
2016 മുതൽ സ്വഭാവ വൈകല്യത്തിന് ചികിത്സയിലാണെന്ന് ശ്രീജിത്ത് കോടതിയെ അറിയിച്ചു. തുടർച്ചയായ ജയിൽവാസം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളാക്കുമെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
ഓഗസ്റ്റ് നാലിന് അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തെ ഫ്ളാറ്റിന് മുന്നിൽ നിന്ന പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ശ്രീജിത്ത് രവി നഗ്നത പ്രദർശനം നടത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത തൃശൂർ വെസ്റ്റ് പൊലീസ് സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.