മങ്കിപോക്സ്; കേരളത്തിലേക്ക് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം
ന്യൂഡൽഹി: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫിസിൽനിന്നുള്ള വിദഗ്ധർ, ന്യൂഡൽഹിയിലെ നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്‍റ് ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ആർ.എം.എൽ ആശുപത്രിയിലെ മൈക്രോബയോളജി, ഡെർമറ്റോളജി എന്നീ മേഖലകളിലെ വിദഗ്ധരാണ് കേന്ദ്ര സംഘത്തിലുള്ളത്. സംസ്ഥാന ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യും.
ജൂലൈ 12ന് യു.എ.ഇയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അച്ഛനും അമ്മയും, ടാക്സി-ഓട്ടോ ഡ്രൈവറും ഉൾപ്പെടെ 11 പേർ സമ്പർക്കത്തിലുണ്ട്. രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.