ഇടുക്കി അഗ്നിരക്ഷാ നിലയത്തിന് ഇനി അത്യാധുനിക വാഹനങ്ങളുടെ കരുത്ത്

ഇടുക്കി: ഇടുക്കി അഗ്നിരക്ഷാ നിലയത്തിന് ഇനി അത്യാധുനിക വാഹനങ്ങളുടെ കരുത്ത്. നിലയത്തിന് അനുവദിച്ച മൊബൈല്‍ ടാങ്ക് യൂനിറ്റ്, ഇന്‍സിഡന്‍റ് കമാന്‍ഡ് വെഹിക്കിള്‍ എന്നിവയുടെ ഫ്ലാഗ് ഓഫ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
ജില്ലയിലെ എല്ലാ അഗ്നിരക്ഷാ നിലയത്തിലും ഫയര്‍ ഹൈഡ്രന്‍റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലയില്‍ തൊടുപുഴയില്‍ മാത്രമാണ് ഹൈഡ്രന്‍റ് സംവിധാനം ഉള്ളത്. തീയണക്കാന്‍ ആവശ്യമായ ജലം സംഭരിക്കാനുള്ള മാര്‍ഗമാണ് ഹൈഡ്രന്‍റ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇന്‍സിഡന്‍റ് കമാന്‍ഡിനായി മഹിന്ദ്ര സ്കോര്‍പിയോ, രക്ഷപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനുള്ള മൊബൈല്‍ ടാങ്ക് യൂനിറ്റ് വാഹനങ്ങളാണ് സേനയുടെ ഭാഗമായത്.
അപകടങ്ങളില്‍ തിരച്ചിലിന് സഹായിക്കുന്ന 2500 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഡ്രോണ്‍, ദുരന്ത സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയ വിനിമയം നടത്താന്‍ വയര്‍ലെസ് സംവിധാനത്തിന് വേണ്ടിയുള്ള ബേസ് സ്റ്റേഷന്‍, ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കഴിയുന്ന ലാപ്ടോപ് എന്നിവയാണ് 15 ലക്ഷം വില വരുന്ന ഇന്‍സിഡന്‍റ് കമാന്‍ഡ് വാഹനത്തിലെ സൗകര്യങ്ങള്‍.
50 ലക്ഷം രൂപയുടെ മൊബൈല്‍ ടാങ്ക് യൂനിറ്റില്‍ ഏറ്റവും ഉയരത്തില്‍ ജലം കൂടുതല്‍ ശക്തിയായി പമ്ബ് ചെയ്യാവുന്ന ഫിക്സഡ് മോണിറ്റര്‍ സംവിധാനവും ഒരേ സമയം 5000 ലിറ്റര്‍ വെള്ളം സംഭരിക്കാനും ഒരു മിനിറ്റില്‍ 3000 ലിറ്റര്‍ വെള്ളം നാല് ഡെലിവറി ഹോസ് വഴി പുറംതള്ളാനും ശേഷിയുള്ള ഓട്ടോമാറ്റിക് പമ്ബിങ് സംവിധാനവുമുണ്ട്.