ഡി.സി.സി പ്രസിഡന്റിനെതിരെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ പിതാവ് മാനനഷ്ട കേസ് ഫയല്‍ ചെയ്തു

ഇടുക്കി: ഡി.സി.സി പ്രസിഡന്റിനെതിരെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ പിതാവ് മാനനഷ്ട കേസ് ഫയല്‍ ചെയ്തു.
ധീരജിന് എതിരെ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് പിതാവ് കോടതിയെ സമീപിച്ചത്.
ഇടുക്കി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് കുടുംബം കോടതിയെ സമീപിച്ചത്. കട്ടപ്പനയില്‍ നടന്ന പൊതുയോഗത്തില്‍ കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘത്തില്‍പ്പെട്ടയാളാണ് ധീരജ് എന്ന ഡി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി.
ഇത് തന്റെ മകനെ അപമാനിക്കുന്നതാണെന്നും മകന്‍്റെ വിയോഗത്തില്‍ തകര്‍ന്ന തനിക്കും കുടുംബത്തിനും കൂടുതല്‍ മാനസിക വിഷമമുണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും ധീരജിന്‍്റെ പിതാവ് രാജേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരി പത്തിനായിരുന്നു ഇടുക്കി എഞ്ചിനീയറിങ്ങ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ധീരജ് കൊല്ലപ്പെട്ടത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എട്ട് പേര്‍ക്കെതിരെ കൊലപാതകത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസ് തൊടുപുഴ കോടതിയില്‍ വിചാരണഘട്ടത്തിലാണ്. ഇതിനിടയിലായിരുന്നു കഴിഞ്ഞ ജൂണ്‍ 25 ന് കട്ടപ്പനയില്‍ നടന്ന യോഗത്തില്‍ ഇടുക്കി ഡി.സി.സി പ്രസിഡന്‍്റ് ധീരജിനെതിരായ പ്രസ്താവന നടത്തിയത്.