എൻജിൻ പണി കൊടുത്തു; തിരക്കുള്ള റോഡിന് നടുവിൽ ലാൻഡ് ചെയ്ത് വിമാനം
ഫ്ലോറിഡ: റൺവേയിൽ വിമാനങ്ങൾ ഇറങ്ങുന്നതിന്റെ നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ടാകും. എന്നിരുന്നാലും, തിരക്കേറിയ റോഡിന് നടുവിൽ വിമാനം ലാൻഡ് ചെയ്യുന്നത് കണ്ടിട്ടുണ്ടാവില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാങ്കേതിക തകരാർ കാരണം പൈലറ്റിന് വിമാനം ഹൈവേയുടെ അരികിൽ ഇറക്കേണ്ടി വന്നതാണ് സംഭവം. കാറുകൾ വേഗത്തിൽ നീങ്ങുന്ന തിരക്കേറിയ റോഡിലാണ് പൈലറ്റ് വിമാനം സുരക്ഷിതമായി ഇറക്കിയത്.
ഫ്ളോറിഡയിൽ നിന്നുള്ള വിൻസെന്റ് ഫ്രേസർ എന്നയാളാണ് വിമാനം പറത്തിയതെന്നാണ് റിപ്പോർട്ട്. സ്വയിന് കൗണ്ടിയിലെ ഫോണ്ടാന തടാകത്തിൽ നിന്ന് വിമാനം പറന്നുയർന്നപ്പോൾ ഭാര്യയുടെ പിതാവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്വയിന് കൗണ്ടിക്ക് മുകളിലൂടെ പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. വിമാനത്തിൽ ഒരു എഞ്ചിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഞ്ചിൻ പ്രവർത്തിക്കുന്നത് നിർത്താൻ പോകുന്നുവെന്ന് ബോധ്യപ്പെട്ട വിൻസെന്റ് അത് സുരക്ഷിതമായി ഇറക്കാനുള്ള വഴികൾ തേടി. അങ്ങനെയാണ് നോർത്ത് കരോലിനയിലെ നാലുവരിപ്പാതയിൽ വിമാനം ഇറക്കിയത്.
വളഞ്ഞും പുളഞ്ഞുമുള്ള റോഡ്, രണ്ട് റോഡുകളുടെയും ഇരുവശത്തുമുള്ള വൈദ്യുത കമ്പികൾ, മരങ്ങൾ എന്നിവ ലാൻഡിംഗ് കൂടുതൽ സങ്കീർണ്ണമാക്കി. എന്നാൽ അദ്ദേഹം പതുക്കെ വിമാനത്തെ റോഡിലേക്ക് അടുപ്പിച്ചു. വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റിനെ എല്ലാവരും അഭിനന്ദിച്ചു. വിമാനം ലാൻഡ് ചെയ്യുന്നതിന്റെ വീഡിയോ സ്വയിന് കൗണ്ടി ഷെരീഫ് ഓഫീസ് ഫേസ്ബുക്കിൽ പങ്കുവെച്ചു. പൈലറ്റിന്റെ കോക്പിറ്റിൽ സ്ഥാപിച്ച ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.