ശ്രീലങ്കന്‍ പ്രസിഡന്റ് രാജ്യംവിട്ടെന്ന് സ്പീക്കര്‍; പിന്നാലെ തിരുത്ത്
കൊളംബോ: പ്രസിഡന്‍റ് ഗോതബായ രാജപക്സെ രാജ്യം വിട്ടതായി ശ്രീലങ്കൻ സ്പീക്കർ മഹിന്ദ അഭയ വർധൻ അറിയിച്ചു. പ്രസിഡന്‍റ് അയൽരാജ്യത്താണെന്നും ബുധനാഴ്ച ശ്രീലങ്കയിലേക്ക് മടങ്ങുമെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ അധികം വൈകാതെ അഭയവർധനൻ തന്‍റെ പ്രസ്താവന തിരുത്തുകയും പ്രസിഡന്‍റ് ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്ന് പറയുകയും ചെയ്തു.
“പ്രസിഡന്‍റ് ഗോതബായ രാജപക്സെ ഇപ്പോഴും രാജ്യത്തുണ്ട്. അഭിമുഖത്തിൽ എനിക്ക് ഒരു തെറ്റ് പറ്റി,” അഭയവർധനന പറഞ്ഞു. രാജ്യം വിട്ട രാജപക്സെ ജൂലൈ 13ന് ശ്രീലങ്കയിലേക്ക് മടങ്ങുമെന്നും പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്നും അഭയവർധന നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി കയ്യേറിയതിനെ തുടർന്ന് ഗോതബായ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. അദ്ദേഹം ഒരു സൈനിക കപ്പലിൽ കയറി രാജ്യം വിട്ടതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. കപ്പലിലുള്ള അദ്ദേഹം ലങ്കന്‍ തീരത്തുതന്നെ തുടരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പിന്നാലെ പുറത്തുവന്നു. ഇതിനിടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗ രാജിവച്ചതോടെ താനും പദവി ഒഴിയാന്‍ തയ്യാറാണെന്ന് അജ്ഞാത കേന്ദ്രത്തിലിരുന്ന് ഗോതബായ സ്പീക്കറെ അറിയിച്ചിരുന്നു.