ചാവറയച്ചനെ വിസ്മരിച്ചത് ചരിത്രത്തോടുള്ള നെറികേട്: കത്തോലിക്കാ കോൺഗ്രസ്
കേരളത്തിന്റെ യഥാർത്ഥ നവോത്ഥാന നായകരിൽ പ്രഥമ സ്ഥാനീയനായ വിശുദ്ധ ചാവറ പിതാവിനെ കേരള പാഠാവലി രചയിതാക്കൾ ബോധപൂർവ്വം ഒഴിവാക്കിയ നടപടി ചരിത്രത്തോട് കാട്ടിയ നെറികേട് ആണെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ സമിതി അഭിപ്രായപ്പെട്ടു. ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലെ നവകേരള സൃഷ്ടി എന്ന പാഠത്തിൽ ആണ് ഈ ചരിത്ര നിന്ദ കാട്ടിയത്. എല്ലാ ജാതി മതങ്ങളിലും ഉൾപ്പെട്ട ചരിത്ര നിർമ്മാതാക്കളെ ഉൾപ്പെടുത്തി പാഠപുസ്തകം രൂപപ്പെടുത്തിയപ്പോൾ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ മിഷനറിമാരുടെ തുടർച്ചയായി വിശുദ്ധ ചാവറയച്ചൻ നൽകിയ സംഭാവനകളെ തമസ്കരിച്ചത് ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാനാവൂ.
ക്രൈസ്തവരുടെ വളരെ പ്രധാനപ്പെട്ട ദുക്റാന തിരുനാൾ ദിവസം ഫയൽ തീർപ്പാക്കൽ എന്ന വ്യാജേന പ്രവർത്തി ദിനം ആക്കി മാറ്റിയ ഇടതുപക്ഷ ഗവൺമെന്റിന്റെ നടപടിയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. ശ്രീനാരായണഗുരുവിനെക്കാൾ 50 വർഷം മുമ്പ് ജനിച്ച ചാവറയച്ചൻ കേരളത്തിൽ നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങളും നിലപാടുകളും കണ്ടില്ലെന്നു നടിക്കുന്നത് ക്രൈസ്തവ ജനവിഭാഗത്തിനോടുള്ള ഭരണ വർഗ്ഗത്തിന്റെ വെല്ലുവിളിതന്നെയാണ്. 200 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ പുരാതന വേദ ഭാഷയായ സംസ്കൃതം പഠിക്കുന്നതിന് വിദ്യാലയം ആരംഭിച്ചതും, ദളിത് വിദ്യാർഥികൾക്കായി പ്രൈമറി സ്കൂൾ ആരംഭിച്ചതും, സവർണ്ണ വിദ്യാർഥികൾക്കൊപ്പം അവർണ്ണ വിദ്യാർത്ഥികളെയും പഠിപ്പിക്കാൻ അവസരം നൽകിയും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കൂളിൽ ഉച്ചഭക്ഷണം ഏർപ്പെടുത്തിയും സാമൂഹിക പരിഷ്ക്കാരങ്ങളുടെ രാജശില്പി ആയി ചരിത്രം സൃഷ്ടിച്ച
ചാവറയച്ചനെ ബോധപൂർവ്വം വിസ്മരിച്ച എസ് സി ഇആർടി (SCERT)വിദഗ്ധരെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡണ്ട് ജോർജ്ജ് കോയിക്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു. പള്ളിക്ക് ഒപ്പം പള്ളിക്കൂടവും നിർമ്മിക്കണമെന്ന് ശഠിക്കുകയും പള്ളിക്കുടം സ്ഥാപിക്കാൻ ആവുന്നില്ലെങ്കിൽ പള്ളിയും നിർമ്മിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത ഒരു സാമൂഹിക പരിഷ്കർത്താവിനെ വിസ്മരിക്കുമ്പോൾ ചരിത്രത്തെ തന്നെയാണ് വികലമാക്കി കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഒരു ജനതയുടെ യഥാർഥ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ കൈവരിക്കാനാവൂ എന്ന സന്ദേശമാണ് നൂറ്റാണ്ടുകൾക്കുമുൻപ് അദ്ദേഹം കേരള സമൂഹത്തിന് നൽകിയത്.
വിദേശ രാജ്യങ്ങളിലെ പഠനത്തിനും തൊഴിൽ അവസരത്തിനും ഉപകരിക്കുംവിധം കേരളത്തിൽ വ്യാപകമായി ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ചു ചരിത്രം സൃഷ്ടിച്ചതും വിശുദ്ധ ചാവറയച്ചൻ ആണ്. ഈ പരിഷ്ക്കാരങ്ങൾ ഒക്കെ വരുത്തിയത് ശ്രീനാരായണഗുരുവിനുo 50 വർഷം മുമ്പാണ് എന്ന വസ്തുത വിസ്മരിച്ച് അവർ ചരിത്രത്തെ വികലമാക്കി പുതിയ തലമുറയുടെ മുമ്പിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകം പിൻവലിച്ചു ചാവറയച്ചൻ വിലപ്പെട്ട സംഭാവനകൾ കൂടി ഉൾപ്പെടുത്തി, പുന പ്രസിദ്ധീകരിക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം. ചരിത്രത്തോട് നീതി പുലർത്താൻ കഴിയും വിധം സത്യസന്ധമായും മതേതര സ്വഭാവത്തിലും പ്രവർത്തിക്കുവാൻ എസ് സി ഇ ആർ ടി ക്ക് പ്രവർത്തിക്കുവാൻ കഴിയുന്നില്ലെങ്കിൽ അവരെ പിരിച്ചുവിടാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി തയ്യാറാവണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത ഓഫീസിൽ ചേർന്ന യോഗത്തിൽ രൂപതാ പ്രസിഡണ്ട് ജോർജ്ജ് കോയിക്കൽ അധ്യക്ഷതവഹിച്ചു രൂപത ഡയറക്ടർ ഫാദർ ഫ്രാൻസിസ് ഇടവക്കണ്ടം ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ ട്രഷറർ ബേബി കൊടക്കല്ലിൽ ജോസഫ് കുര്യൻ ഏറമ്പടം, വി ടി തോമസ്, അഡ്വക്കേറ്റ് മാത്യു മലേകുന്നേൽ, ആഗ്നസ് ബേബി, മാത്യൂസ് അഗസ്റ്റിൻ റിൻസി സിബി, മിനി ഷാജി, ജോസുകുട്ടി മാടപ്പള്ളി, ജോസ് തോമസ് ഒഴുകയിൽ, സാബു ജോസ് സെസിൽ ജോസ്, ഷാജി പുരയിടത്തിൽ, അഗസ്റ്റിൻ പരത്തിനാൽ ജോയ് വള്ളിയാംതടം ജോസ്, സിബി വലിയമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.