തൊമ്മൻകുത്തുകാർ ഷൂട്ടിംഗ് തിരക്കിലാണ് ; ലാലേട്ടനൊപ്പം ഓളവും തീരവും തീർക്കാൻ
“തൊമ്മൻകുത്തിലെ കുത്തിയൊലിക്കുന്ന മലവെള്ളത്തിൽ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ കേരളമാകെ ആ ദൃശ്യങ്ങൾ അലയടിച്ചു. ‘അമ്മപ്പുഴയുടെ കൈകളിൽ…’ എന്ന പാട്ടിനൊപ്പം ‘ലാലേട്ടന്റെ’ ദൃശ്യങ്ങളിലൂടെ തൊമ്മൻകുത്ത് എന്ന സ്ഥലവും ലോകമാകെ വൈറലാണിപ്പോൾ. മോഹൻലാലിനൊപ്പം അഭിനയിക്കാനും ഷൂട്ടിങ് ലൊക്കേഷനിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തൊമ്മൻകുത്ത് നിവാസികളായ ഒരു സംഘം ചെറുപ്പക്കാർ.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ തൊമ്മൻകുത്ത് ചപ്പാത്തിനു സമീപം നടന്ന ഷൂട്ടിങ്ങിലാണ് നാട്ടുകാരായ ചെറുപ്പക്കാരും പങ്കാളികളായത്. തടി കൊണ്ടു നിർമിച്ച ചങ്ങാടത്തിൽ പുഴയിലൂടെ എത്തുന്ന മോഹൻലാലിനൊപ്പം ഇവരും മുഖം കാണിച്ചു. ആഴമേറിയ പുഴയിലേക്ക് ചാടാനും മറ്റുമാണ് ഇവരെ സിനിമാ പ്രവർത്തകർ ക്ഷണിച്ചത്. പുഴയുടെ ആഴവും ഒഴുക്കും എല്ലാം അറിവുള്ളതിനാൽ നാട്ടുകാരായ ഇവർക്ക് ഇതെല്ലാം വളരെ എളുപ്പം നിർവഹിക്കാനായി.
അജേഷ് അഗസ്റ്റിൻ, അമൽ കൃഷ്ണ, എം.കെ.രാജീവ്, സഹദേവൻ, ജോജി റോയി, അനീഷ് മോൻ ആന്റണി, നന്ദു രാമകൃഷ്ണൻ, പി.എം.ഷൈബു, ജോമോൻ ജോസഫ്, പി.എസ്.വിഷ്ണു എന്നിവരാണ് ഷൂട്ടിങ്ങിൽ സജീവമായി പങ്കെടുത്തത്. പല ഷോട്ടിലും ഇവർ മുഖം കാണിച്ചു. വനം വകുപ്പിന്റെയും പഞ്ചായത്തിന്റെയും മുൻകൂർ അനുമതിയോടെയാണ് ഷൂട്ടിങ് നടത്തിയത്. ഇതിന് അനുമതി എടുത്തപ്പോൾ തന്നെ പുഴയിൽ ചാടി പരിചയം ഉള്ള ഏതാനും ആളുകളെ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി വേണമെന്ന് സിനിമാ പ്രവർത്തകർ പറഞ്ഞിരുന്നതായി പഞ്ചായത്ത് അംഗം ബിബിൻ അഗസ്റ്റിൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരായ ചെറുപ്പക്കാർ രംഗത്ത് വന്നത്.
കൈലി മുണ്ടും ഷർട്ടും ധരിച്ച് തലയിൽ തോർത്ത് കെട്ടി മോഹൻലാൽ ഒറ്റയ്ക്ക് നിറഞ്ഞൊഴുകുന്ന പുഴയിലൂടെ തടികൊണ്ടുള്ള ചങ്ങാടത്തിൽ പോകുന്ന ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാനനഭംഗിയും നിറഞ്ഞ് ഒഴുകുന്ന പുഴയും ഉൾപ്പെടെ മനോഹരമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന തൊമ്മൻകുത്ത് പുഴയിലും സമീപ പ്രദേശങ്ങളിലുമാണ് ഷൂട്ടിങ് നടത്തുന്നത്. മറ്റു സിനിമ പ്രവർത്തകർ എത്തിയിട്ട് ഏതാനും ദിവസങ്ങൾ ആയെങ്കിലും മോഹൻലാൽ എത്തിയത് ശനിയാഴ്ചയാണ്. ചിത്രത്തിന്റെ കുറെ ഭാഗങ്ങൾ കുടയത്തൂർ, കാഞ്ഞാർ മേഖലകളിലാണ് ചിത്രീകരിക്കുന്നത്”