കലാപകലുഷിതം ലങ്ക;പ്രധാന മന്ത്രിയുടെ വീടിന് തീയിട്ടു,പ്രസിഡന്റ് ഒഴിയും,കേരളതീരത്തും അഭയാർത്ഥി പ്രവാഹ സാധ്യത
കൊളംബോ: കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. പ്രസിഡന്‍റിന്‍റെയുംയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞുപോയിട്ടില്ല. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിട്ടുള്ളത്. അതിനിടെ പ്രസിഡന്‍റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയണമെന്ന സർവകക്ഷി യോഗത്തിലെ തീരുമാനം യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആദ്യം തന്നെ രാജി പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഗോതബയ രജപക്സെ രാജ്യം വിട്ടെന്ന സൂചനകൾക്കിടെ സ്പീക്കർ, രജപക്സെ രാജിസന്നദ്ധത അറിയിച്ചെന്ന് വ്യക്തമാക്കി രംഗത്തെത്തി. പ്രസിഡന്‍റ് സ്ഥാനം രജപക്സേ ബുധനാഴ്ച രാജിവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചത്.അതേസമയം ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.