കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗമുയരുന്നു
ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗമുയരുന്നു.
ഒരാഴ്ചക്കിടെ പത്തടിയാണ് ഇടുക്കി അണക്കെട്ടില്‍ ഉയര്‍ന്നത്. ഈ മാസം ഒന്നിന് 2340.74 അടിയായിരുന്ന ജലനിരപ്പ് ഏഴ് ദിവസംകൊണ്ട് 2351.18 അടിയിലെത്തി.
പരമാവധി സംഭരണശേഷിയുടെ 47 ശതമാനമാണിത്. 2403 അടിയാണ് പരമാവധി ശേഷി. നീരൊഴുക്ക് ശക്തമായ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടടി വീതമാണ് ജലനിരപ്പുയര്‍ന്നത്.
40 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഡാമിലേക്ക് ഒഴുകിയെത്തിയത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗവും ഉല്പാദനവും കുറഞ്ഞിട്ടുണ്ട്.
മൂലമറ്റം പവര്‍ഹൗസില്‍ കഴിഞ്ഞ മാസം വരെ ദിവസവും ശരാശരി 6.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചിരുന്നത് ഇപ്പോള്‍ 3.5 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. വെള്ളിയാഴ്ച 3.5 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്. ഈ മാസം ഇതുവരെ 21.18 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. കല്ലാര്‍ക്കുട്ടി, പാംബ്ല അണക്കെട്ടുകളിലെ ഷട്ടര്‍ നിലവില്‍ തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 128.3 അടിയായി.
വെള്ളിയാഴ്ച പകല്‍ മാറിനിന്ന മഴ വൈകീട്ടോടെ ശക്തമായി തിരിച്ചെത്തി. വെള്ളിയാഴ്ച രാവിലെ ഏഴ് വരെയുള്ള 24 മണിക്കൂറില്‍ 37.46 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.
ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്- 68.4 മില്ലീമീറ്റര്‍. വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങിങ്ങ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടതല്ലാതെ കാര്യമായ മഴക്കെടുതികള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുല്ലുപാറയില്‍ മരം വൈദ്യുതി ലൈനിലേക്ക് കടപുഴകി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.









































































































































