വൈദ്യുതി ബോര്‍ഡിന്റെ മോഷണം പോയ ലക്ഷങ്ങള്‍ വിലമതിക്കുന്ന അലുമിനിയം കമ്ബികള്‍ കണ്ടെത്തി
അടിമാലി: വൈദ്യുതി ബോര്‍ഡിന്റെ കമ്ബിളികണ്ടം സെക്ഷന്‍ ഓഫിസില്‍നിന്ന് മോഷണം പോയ ലക്ഷങ്ങള്‍ വിലമതിക്കുന്ന അലുമിനിയം കമ്ബികള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്. മുനിയറ സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം.
ബുധനാഴ്ചയാണ് സെക്ഷന്‍ ഓഫിസിന്റെ പിറകില്‍ സൂക്ഷിച്ചിരുന്ന 1200 കിലോ വരുന്ന അലുമിനിയം കമ്ബികള്‍ മോഷണം പോയത്. ഇതിന് രണ്ടുലക്ഷം രൂപയോളം വില വരും. മുന്‍ കരാര്‍ ജീവനക്കാരനടക്കം നാലംഗ സംഘമാണ് സംഭവത്തിന് പിന്നില്‍. ജീവനക്കാരുടെ അന്വേഷണത്തില്‍ മുനിയറ കരിമല റോഡിലെ സ്വകാര്യ വ്യക്തിയുടെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് മോഷണമുതല്‍ വ്യാഴാഴ്ച കണ്ടെത്തി.
പൊലീസ് എത്തിയപ്പോള്‍ കമ്ബി ചെറുകഷണങ്ങളാക്കുകയായിരുന്ന നാലംഗ സംഘം കടന്നുകളഞ്ഞു. വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ വാഹനത്തില്‍നിന്ന് രതീഷ്കുമാര്‍ എന്നയാളുടെ എ.ടി.എം കാര്‍ഡും പൊലീസ് കണ്ടെടുത്തു. 11 കെ.വി ലൈന്‍ വലിക്കാന്‍ ഓഫിസിന് പിറകില്‍ സൂക്ഷിച്ചിരുന്നതാണ് അലുമിനിയം റോളുകള്‍. മോഷ്ടാക്കള്‍ റോഡില്‍നിന്ന് ഉരുട്ടിവിട്ട അലുമിനിയം റോളുകളില്‍ ഒരെണ്ണം ലക്ഷ്യംതെറ്റി സമീപവാസിയുടെ പുരയിടത്തില്‍ വീണു. ഭൂവുടമ വിവരം വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.