വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കാട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
ഇടുക്കി: വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കാട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരുപതേക്കര്‍കുടിയില്‍ മഹേന്ദ്രന് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം കുഴിച്ചിട്ടു.
ജൂണ്‍ 27നാണ് മഹേന്ദ്രനെ കാണാതാകുന്നത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതില്‍ അന്വേഷണം നടക്കുന്നതിനിടെ സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസണ്‍വാലി സ്വദേശികളില്‍ ഒരാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിലാണ് നായാട്ടിനിടെ ഒരാള്‍ക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്. പുറത്തറിയാതിരിക്കാന്‍ മൃതദേഹം കുഴിച്ചിട്ടുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.