അണക്കരമെട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഏലത്തോട്ടത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന കെട്ടിടത്തിലെ അടുക്കളയും തോട്ടത്തിലെ വാഴകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു
നെടുങ്കണ്ടം: അണക്കരമെട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. ഏലത്തോട്ടത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന കെട്ടിടത്തിലെ അടുക്കളയും തോട്ടത്തിലെ വാഴകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
പുഷ്‌പകണ്ടം അണക്കരമെട്ടിലാണ് വ്യാഴാഴ്‌ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമായി കാട്ടാനയാക്രമണം ഉണ്ടായത്.
വീടും കൃഷിയിടവും തകര്‍ത്തു. വടുതലായില്‍ വിശാഖന്റെ മൂന്ന് ഏക്കര്‍ പാട്ടഭൂമിയിലെ വീടും കൃഷിയിടവുമാണ് കാട്ടാന നശിപ്പിച്ചത്. ഒമ്ബത് വര്‍ഷത്തേക്ക് വിശാഖന്‍ മറ്റൊരാളില്‍നിന്നും പാട്ടത്തിനെടുത്ത കൃഷിഭൂമിയിലാണ് വന്‍ നാശമുണ്ടായത്. കേരള തമിഴ്‌നാട് അതിര്‍ത്തി വനമേഖലയില്‍നിന്നും എത്തിയ ആനക്കൂട്ടമാണ് വിശാഖന്റെ കൃഷിഭൂമിയിലെ ഏലച്ചെടികളും വാഴക്കൂട്ടവും നശിപ്പിച്ചത്.തമിഴ്‌നാട് വനാതിര്‍ത്തിയില്‍നിന്നും എത്തിയ ആനക്കൂട്ടമാണ് നാശനഷ്‌ടമുണ്ടാക്കിയത്. സ്‌ഥലത്ത് പാറത്തോട് വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ്, കല്ലാര്‍ സെക്ഷന്‍ ഫോറസ്‌റ്റ് ഓഫിസര്‍ കെ.ജി. മുരളി, ബീറ്റ് ഫോറസ്‌റ്റ് ഓഫിസര്‍ ടി.എസ്. സുനീഷ് എന്നിവരടങ്ങിയ സംഘം സ്‌ഥലത്ത് പരിശോധന നടത്തി.അതിര്‍ത്തിയില്‍ കാട്ടാനക്കൂട്ടം തുടരുന്നതും ജനവാസമേഖലയോട് ചേര്‍ന്നുള്ള സ്‌ഥലം വരെ കാട്ടാനക്കൂട്ടം എത്തിയതും ജനങ്ങളെയും ഭീതിയിലാക്കി. വിശാഖാന്റെ ഏലത്തോട്ടത്തില്‍ ഏലയ്‌ക്കാ വിളവെടുക്കുന്ന സമയത്ത് തൊഴിലാളികളെ പാര്‍പ്പിക്കുന്ന വീടിന്റെ അടുക്കള ഭാഗമാണ് കാട്ടാന തകര്‍ത്തത്. അടുക്കള തകര്‍ത്തശേഷം അടുക്കളയിലെ ഉപകരണങ്ങളും നശിപ്പിച്ച നിലയിലാണ്. ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെ കാട്ടാനക്കൂട്ടം ഉടുമ്ബന്‍ചോല, നമരി, പുഷ്‌പകണ്ടം മേഖലയില്‍ ഏഴ് ഏക്കറോളം ഏലത്തോട്ടത്തില്‍ നാശം വിതച്ചു. കാട്ടാന ആക്രമണം തടയാന്‍ വനം വകുപ്പ് നടപടി വേണമെന്നും ജനപ്രതിനിധികള്‍ ഇടപെടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.