രാജാക്കാട് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു
തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് രാജാക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നെടുംങ്കണ്ടം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് നിർവഹിച്ചു. തുടര്‍ന്ന് ബസ്റ്റാന്റ് ഹാളില്‍ നടന്ന കര്‍ഷക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി സുബീഷ് അദ്ധ്യക്ഷത വഹിച്ചു.
ഞാറ്റുവേല ചന്ത വഴി കര്‍ഷകര്‍ക്ക് ഉല്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും വില്‍ക്കുന്നതിനും വാങ്ങുന്നതിനുമാണ് കൃഷിഭവന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജാക്കാട് ബസ്റ്റാന്റ് കെട്ടിടത്തിലാണ് ഞാറ്റുവേല ചന്ത തുറന്നിരിക്കുന്നത്. ഇടനിലക്കാരുടെ സഹായമില്ലാതെ കർഷകർക്ക് തങ്ങളുടെ ജൈവ കാർഷിക വിളകൾ നേരിട്ട് ന്യായവിലയ്ക്ക് വിൽപ്പന ചെയ്യുന്നതിനും വാങ്ങുന്നതിനും സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്.
ചടങ്ങിൽ രാജാക്കാട് ഇക്കോഷോപ്പിന്റെ വിവിധ കാർഷിക ഉൽപന്നങ്ങളുടെ വിൽപനയും പച്ചക്കറി തൈകളും വിവിധയിനം കാർഷിക വിത്ത് ഉൽപ്പന്നങ്ങളും കർമ സേന ഉൽപാധിപ്പിച്ച ഹരിത കഷായം എന്നിവയുടെ വില്പനയും വിതരണവും നടത്തി. വിള ഇൻഷുറൻസ് വാരാചരണത്തിൻ്റെ ഭാഗമായി കർഷകർക്ക് വിള ഇൻഷുറൻസ് ചെയ്യുവാനുള്ള സൗകര്യവും ചടങ്ങിൽ ഒരുക്കിയിരുന്നു. കർഷക സഭയിൽ ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ മഞ്ജു ജിൻസി വർഗീസ്, ആഷിബ എ എന്നിവർ ഏല കൃഷിയിലെ വളപ്രയോഗങ്ങളെ കുറിച്ച് കര്‍ഷകര്‍ക്കായി ക്ലാസുകളും നയിച്ചു.
പഞ്ചായത്തംഗങ്ങളായ സി.ആര്‍ രാജു, ബെന്നി പാലക്കാട്ട്, ബിന്‍സു തോമസ്, മിനി ബേബി, പുഷ്പലത സോമന്‍ കൃഷി ഓഫീസര്‍ റജബ് ബി. കലാം, കൃഷി അസിസ്റ്റന്റ് പ്രിനീഷ് പി.പി തുടങ്ങിയവര്‍ പങ്കെടുത്തു.