പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി നിർമ്മിച്ച വീടിന്റെ കൈമാറ്റം നടന്നു
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നെടുംകണ്ടം ബ്ലോക്കിന് കീഴിൽ 2022-23 വർഷത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യത്തെ വീടിന്റെ താക്കോൽ കൈമാറ്റം നടന്നു. കരുണാപുരം ഗ്രാമ പഞ്ചായത്തിലെ ബാബു രാമൻ, സുനി ബാബു ദമ്പതികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി കുഞ്ഞ് വീടിന്റെ താക്കോൽ കൈമാറി.
കരുണാപുരം പഞ്ചായത്തിലെ പത്താം വാർഡിൽ കഴിഞ്ഞ 25 വർഷങ്ങളായി താമസിച്ചു വരുന്ന ദമ്പതികളാണ് വെട്ടത്ത് വീട്ടിൽ ബാബു രാമനും സുനി ബാബുവും. ഇരുവർക്കും ആകെയുള്ള സമ്പാദ്യം 52 സെന്റ് സ്ഥലവും അതിനുള്ളിലെ ഒരു കൊച്ചു വീടുമാണ്. നാലു ചുവരും മേൽക്കൂരയും ഉണ്ടെന്നതല്ലാതെ അടച്ചുറപ്പുള്ള ഒരു വീടില്ലായിരുന്നു. കാറ്റും മഴയും വരുമ്പോൾ മേൽക്കൂരയിൽ പ്ലാസ്റ്റിക്കും ടാർപോളിനുമുപയോഗിച്ച് മേൽക്കൂരയുടെ ചോർച്ച നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരിഹാരമുണ്ടായില്ല. കൃഷിപ്പണികൾ ചെയ്തും കൂലിപ്പണി ചെയ്‌തും കണ്ടെത്തുന്ന തുച്ഛമായ വരുമാനമാണ് ഇവരുടെ ജീവിത മാർഗ്ഗം. മക്കളില്ലാത്ത ഇവർക്ക് മറ്റാരും ആശ്രയവുമില്ല.
ശ്വസനസംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ബാബു. ചികിത്സക്കായി ഒരു വൻ തുക തന്നെ ചെലവഴിക്കേണ്ടതായും വന്നു. ശരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇവർക്ക് പ്രധാന മന്ത്രി അവാസ് യോജന പദ്ധതി പ്രകാരം ലഭിച്ച വീട് ഏറെ അനുഗ്രഹമായിരിക്കുകയാണ്. ഇനി കാറ്റിനെയും മഴയെയും ഭയക്കാതെ പുതിയ വീട്ടിൽ കഴിയാമെന്ന സന്തോഷത്തിലാണ് ഇരുവരും.
താക്കോൽ ദാന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാൽ, വാർഡ് മെമ്പർ മാത്യൂസ് മറ്റപ്പള്ളി, ബി ഡി ഒ ദിലീപ് എം കെ,വില്ലേജ് ഉദ്യോഗസ്ഥരായ റീനമോൾ ചാക്കോ, രമ്യ എസ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.