കെ – ഫോണിന് കേന്ദ്രസര്‍ക്കാരിന്റെ പ്രവർത്തനാനുമതി
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി. ഇതോടെ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചു. പദ്ധതിയുടെ ഇന്‍റർനെറ്റ് സേവന ദാതാവിന്‍റെ ലൈസൻസ് ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്‍റർനെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന പ്രഖ്യാപനമാണ് എൽ.ഡി.എഫ് സർക്കാരിന്റെ കെ-ഫോൺ പദ്ധതി. ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്കെതിരെ ഇടത് സർക്കാരിന്റെ ജനപ്രിയ ബദൽ കൂടിയാണ് പരമാവധി ആളുകൾക്ക് അതിവേഗ ഇന്‍റർനെറ്റ് സൗജന്യവും കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ആക്സസ് നൽകുന്ന ഈ പദ്ധതി.
കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ പ്രകാരം കെ ഫോണിന് ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ (ഡാര്‍ക്ക് ഫൈബര്‍), ഡക്ട് സ്‌പേസ്, ടവറുകള്‍, നെറ്റ്വര്‍ക്ക് ശൃംഖല, മറ്റാവശ്യ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിര്‍ത്താനും അറ്റകുറ്റപണികള്‍ നടത്താനും ഇവ ടെലികോം സര്‍വീസ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാടകയ്ക്കോ ലീസിന് നല്‍കുവാനും അല്ലെങ്കില്‍ വില്‍ക്കുവാനുമുള്ള അധികാരമുണ്ടാകും.