ചെറുതോണി പുഴയിലെ കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തടയാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവായി
കട്ടപ്പന: ചെറുതോണി പുഴയിലെ കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തടയാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ച്. .ട്രിബ്യൂണലിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളോടും അവയ്‌ക്ക നേതൃത്വം വഹിക്കാന്‍ ചീഫ് സെക്രട്ടറിയോടും ട്രിബ്യൂണല്‍ നര്‍ദ്ദേശിച്ചു. ചെറുതോണി പുഴകയ്യേറ്റം തടയണമെന്നും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ’ ജനശക്തി’ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്.
ഇുക്കി ജില്ലാ കളക്ടര്‍, ഡി.എഫ്.ഒ, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോയിന്റ് സര്‍വേനടത്തി പുഴയോരത്ത് നടത്തിയിരിക്കുന്ന അനധികൃത നിര്‍മാണങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ ട്രിബ്യൂണലിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
ചെറുതോണി അണക്കട്ടില്‍ നിന്നും തുറന്നുവിടുന്ന വെളളത്തിന്റെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്നവിധം പുഴയോരത്ത് നിര്‍മിച്ചിരിക്കുന്ന ടോയിലറ്റ്, പാര്‍ക്കിംഗ് ഏരിയാ തുടങ്ങിയവ അടിയന്തിരമായി നീക്കം ചെയ്യാനും ജലവിഭവ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മേല്‍ സാഹചര്യത്തില്‍ 2022 ജൂലൈ 7ന് പത്തരമണിക്ക് ജലവിഭവ വകുപ്പു അഡീഷണല്‍ ചീഫ് സെക്രട്ടറി,പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ,തദ്ദേശസ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വനം വന്യജീവ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരടങ്ങുന്ന ഉന്നതതല യോഗം സംസ്ഥാന ചീഫ്‌സെക്രട്ടറി വിളിച്ചിട്ടുളളതായും അറിയാന്‍ കഴിഞ്ഞു.