ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: മല്ലപ്പള്ളിയിലെ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം തേടി. താൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നും മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.
ജനങ്ങളെ കൊള്ളയടിക്കാൻ ഇന്ത്യൻ ഭരണഘടന അനുയോജ്യമാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
“ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ കഴിയുന്ന മനോഹരമായ ഒരു ഭരണഘടന ഇവിടെയുണ്ട്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവെക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു.” മന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്. തന്‍റെ പ്രസംഗത്തിൽ മന്ത്രി കോടതികളെയും ജുഡീഷ്യറിയെയും നിശിതമായി വിമർശിച്ചു.