ദേശീയപാതയോരത്തെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടിയില്ല
അടിമാലി: ദേശീയപാതയോരത്തെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടിയില്ല. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ 300ലേറെ വന്‍ മരങ്ങളാണ് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ ചീയപ്പാറയില്‍ വന്‍ മരങ്ങള്‍ കടപുഴകിയിരുന്നു. നേര്യമംഗലം മുതല്‍ വാളറ വരെ അപകടാവസ്ഥയില്‍ നിന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ 2014 ആഗസ്റ്റില്‍ അന്നത്തെ മുഖ്യമന്ത്രി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് നേര്യമംഗലം റേഞ്ച് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ഉണങ്ങിയതും അപകടാവസ്ഥയില്‍ നില്‍ക്കുന്നതുമായി 234 മരങ്ങളുണ്ടെന്നും ഇവ വെട്ടിമാറ്റണമെന്ന് ദേവികുളം ഡി.എഫ്.ഒക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ല. രണ്ട് വര്‍ഷം മുമ്ബ് ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലും ഇതേ വിഷയത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം വനപാലകര്‍ വിവിധ സമയങ്ങളിലായി 20ഓളം മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു.
മഴ ശക്തമായതോടെ ഒരാഴ്ചക്കിടെ അഞ്ച് വന്‍ മരങ്ങളാണ് ആറാംമൈലിനും വാളറക്കും ഇടയില്‍ മാത്രം വീണത്. ദേശീയപാതയില്‍ മരം വീണതോടെ നാട്ടുകാര്‍ ഭയത്തിലാണ്. വീടുകള്‍ക്ക് മരങ്ങള്‍ ഉണ്ടാക്കുന്ന ഭീഷണി നിരന്തരം ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടു വര്‍ഷമായി പരാതിയുമായി ദേശീയപാത കാര്യാലയത്തില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്.
വനംവകുപ്പ് തടസ്സം നില്‍ക്കുന്നതാണ് പ്രശ്‌നമെന്നും അത് പരിഹരിക്കണമെന്നുമാണ് ഇവര്‍ പറയുന്നത്. ചുവട് ദ്രവിച്ച മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ കാലവര്‍ഷത്തില്‍ വലിയ ദുരന്തം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, സാമൂഹിക വനവത്കരണ വിഭാഗം വാല്യേഷന്‍ നല്‍കാന്‍ വൈകുന്നതാണ് മരങ്ങള്‍മുറിച്ചു നീക്കാന്‍ തടസ്സമെന്നും ആക്ഷേപമുണ്ട്.