ഇടുക്കി ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് ലയത്തിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു
ഇടുക്കി ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് ലയത്തിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ഡിവിഷൻ 13 മുറി എസ്റ്റേറ്റിൽ രാജുവിന്റെ ഭാര്യ ഭാഗ്യം (പുഷ്പ -52 )ആണ് മരിച്ചത്.
ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിലേയ്ക്ക് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. രണ്ടാം ഡിവിഷൻ 13 മുറി എസ്റ്റേറ്റിൽ രാജുവിന്റെ ഭാര്യ ഭാഗ്യം (പുഷ്പ -52) ആണ് മരിച്ചത്. ഇന്ന് രാവിലെ 4 മണിയോടെയാണ് സംഭവം. ജോലിക്ക് പോകുന്നതിനായി പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ പുഷ്പ അടുക്കളയിൽ ആഹാരം പാചകം ചെയ്യുന്നതിനായി അടുക്കളയ്ക്ക് തൊട്ടടുത്തുള്ള ചാർത്തിൽ തീ കത്തിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് മണ്ണിനടിയിലായത്. വൻതോതിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനുള്ളിലുണ്ടായ കല്ല് ശരീരത്ത് വീണാണ് മരിച്ചത്. മണ്ണിടിച്ചിലിൽ പുഷ്പ അടുക്കള വാതിലിന്റെ ഇടയിൽപ്പെടുകയായിരുന്നു. പീരുമേട്ടിൽ നിന്നെത്തിയ അഗ്നിശമനാ സേനാ വിഭാഗത്തിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. തുടർന്ന് ആമ്പുലൻസിൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഏലപ്പാറ കോഴിക്കാനം കിഴക്കേപുതുവൽ റൂട്ടിലാണ് സംഭവം.
അപകടം നടക്കുമ്പോൾ പുഷ്പയുടെ മൂന്നു മക്കളും ഭർത്താവും തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവർക്ക് ഒന്നും ചെയ്യാനായില്ല. പുലർച്ചെ 6.30 ന് ഏലക്കാട്ടിൽ പണിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു പുഷ്പം. മണ്ണിടിഞ്ഞതോടെ കോഴിക്കാനം കിഴക്കേപ്പുതുവൽ റോഡിന്റെ മധ്യഭാഗം വിണ്ടു. ഇതോടെ റോഡും അപകടാവസ്ഥയിലായി. മരിച്ച പുഷ്പത്തിന്റെ ഭർത്താവ്
രാജുവാണ്, മക്കൾപ്രദീപ്, പ്രിയ, അജി ആരുൺ.ശവസംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.