പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ഇടുക്കി: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജൂണ്‍ മാസം 7932 പനി കേസുകളാണ് ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുണ്ട്. കോവിഡ് -19, ഡെങ്കിപ്പനി, എലിപ്പനി, മലമ്ബനി, ചിക്കുന്‍ഗുനിയ, ചെള്ളുപനി, എച്ച്-1 എന്‍1- ചിക്കന്‍പോക്‌സ്, സിക്ക, കുരങ്ങ്പനി, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം, ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാല്‍ പനിയുള്ളപ്പോള്‍ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണം. മഴക്കാലമായതിനാല്‍ സാധാരണ വൈറല്‍ പനിയാണ് (സീസണല്‍ ഇന്‍ഫ്‌ളൂവന്‍സ) കൂടുതലും വരുന്നത്. അതിനാല്‍ മിക്കപ്പോഴും വിദഗ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല. സാധാരണ വൈറല്‍പ്പനി സുഖമാവാന്‍ 3 മുതല്‍ 5 ദിവസം വരെ വേണ്ടിവരാം.
പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റാമോള്‍ പോലും ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം. മാസ്‌ക്ക് ധരിക്കുന്നതും കോവിഡിനോടൊപ്പം പലതരം രോഗങ്ങളെയും പ്രതിരോധിക്കാന്‍ സാധിക്കും. മഴ നനയാതിരിക്കാന്‍ ശ്രദ്ധിക്കണം. തുമ്മുമ്ബോഴും ചുമക്കുമ്ബോഴും മാസ്‌ക് താഴ്ത്തരുത്. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടക്ക് വൃത്തിയാക്കണം. പനി മറ്റുള്ളവരിലേക്ക് പകരാതെയിരിക്കാന്‍ ഇത്തരം ശീലങ്ങള്‍ സഹായിക്കും. പനി സാധാരണയില്‍ കൂടുതലായാല്‍ കുട്ടികളില്‍ ജന്നി വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പനിയുള്ളപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കുട്ടികള്‍ക്ക് പനി കുറക്കുവാനുള്ള മരുന്നുകള്‍ ഉടന്‍തന്നെ നല്‍കണം. ചൂട് കുറക്കുന്നതിനായി തണുത്ത വെള്ളത്തില്‍ തുണി നനച്ച് കുട്ടികളുടെ ശരീരം മുഴുവന്‍ തുടരെ തുടരെ തുടയ്ക്കുകയും വേണം.