മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി. സ്പീക്കർക്കാണ് നോട്ടീസ് നൽകിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. നിയമസഭയുടെ പെരുമാറ്റച്ചട്ടം 154 പ്രകാരമാണ് നോട്ടീസ്.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ആരോപണമുന്നയിച്ചിരുന്നു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്സൈറ്റിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലകുമാറാണ് കമ്പനിയുടെ ഉപദേഷ്ടാവെന്ന് വ്യക്തമാക്കിയിരുന്നത് മാത്യു കുഴൽനാടൻ സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ ഭാഗം പിന്നീട് കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, അടിയന്തരപ്രമേയ ചർച്ചയ്ക്ക് മറുപടിയായി മാത്യു കുഴൽനാടൻ പറഞ്ഞത് നുണയാണെന്നും അത്തരമൊരു വ്യക്തി മെന്റ്ര്‍ ആയിട്ടുണ്ടെന്ന് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത് എന്നും മുഖ്യമന്ത്രി പൊട്ടിത്തെറിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ മാത്യു കുഴൽനാടൻ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടു.