സംസ്ഥാനത്ത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവും – മാംസവും വില്‍ക്കുന്നത് വ്യാപകമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവും – മാംസവും വില്‍ക്കുന്നത് വ്യാപകമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്ത് നിന്ന് പിടികൂടി നശിപ്പിച്ചത് 17,283 കിലോ മത്സ്യം. ഒരു മാസത്തിനുള്ളില്‍ നശിപ്പിച്ചത് 436 കിലോഗ്രാം മാംസവിഭവങ്ങള്‍. മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനായി രൂപികരിച്ച ഓപ്പറേഷന് മത്സ്യ എന്ന പദ്ധതി പ്രകാരം നടത്തിയ പരിശോധനയിലാണ് 17,283 മായം കലര്‍ത്തിയ മത്സ്യം പിടികൂടിയത്.
സംസ്ഥാനത്തെ 5549 മത്സ്യവില്പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. അതില്‍ 2797 കേന്ദ്രങ്ങളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കുകയും 131 കേന്ദ്രങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് 17,283 കിലോ കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന മത്സ്യം – മാംസം എന്നിവയുടെ ഗുണനിലവാരത്തെ പറ്റി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് സ്പെഷ്യല്‍ സ്ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന വ്യാപകമാക്കിയത്.
സംസ്ഥാനത്ത് മാംസം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി 5605 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 667 കേന്ദ്രങ്ങളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത 436 കിലോഗ്രാം പാചകം ചെയ്തതും അല്ലാത്തതുമായ മാംസം നശിപ്പിച്ചത്. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്ബിയ 355 ഹോട്ടലുകള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്ലോഷര്‍ നോട്ടീസ് നല്‍കിയത്. 14385 ഹോട്ടലുകളിലും- റെസ്റ്റോറന്റുകളിലുമാണ് ഒരു വര്‍ഷത്തിനുള്ളില്‍ പരിശോധന നടത്തിയത്. അതില്‍ 3139 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 355 സ്ഥാപനങ്ങള്‍ക്കാണ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയത്. സ്ഥാപനങ്ങളെ പറ്റി പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപകമായി പരിശോധന നടത്തിയതെന്നും നടപടിയെടുത്തതെന്നുമാണ് ഭക്ഷ്യവകുപ്പ് വിശദീകരിക്കുന്നത്.
2006 ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിങ് യൂനിറ്റുകള്‍, തട്ടുകടകള്‍ തുടങ്ങി എല്ലാതരത്തിലുമുള്ള ഭക്ഷ്യഉല്പാദനകേന്ദ്രങ്ങളിലെ തൊഴിലാളികള്‍ക്കും ഭക്ഷ്യസംരംഭകര്‍ക്കും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിഷ്കര്‍ഷിക്കുന്ന ഫുഡ് സേഫ്റ്റി ട്രെയിനിങ്ങ് ആന്റ് സര്ട്ടിഫിക്കേഷന് വേണമെന്നാണ്. എന്നാല്‍ ഇത് സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കത്തതും വെല്ലുവിളിയാകുന്നുണ്ട്.