എ കെ ജി സെന്റർ അക്രമണം; ഇരുട്ടിൽ തപ്പി പൊലീസ്,വൻ വീഴ്ചയെന്ന് ആരോപണം
തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അക്രമിയെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കി പൊലീസ്. അക്രമം നടന്ന് 10 മണിക്കൂറിന് ശേഷവും അക്രമി കണ്ടെത്താനാകാത്തത് പൊലീസിന്‍റെ വൻ വീഴ്ചയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പരിശോധന വ്യാപകമാക്കിയത്. എ കെ ജി സെന്‍റർ പോലെ കനത്ത സുരക്ഷ ഉളള ഒരിടത്ത് പൊലീസ് കാവലുണ്ടായിരിക്കെ എങ്ങനെ ആക്രമണം ഉണ്ടായെന്നതാണ് പ്രധാന ചോദ്യം. അക്രമം ഉണ്ടായ ഉടൻ പൊലീസ് എന്തുകൊണ്ട് ഇരുചക്രവാഹനത്തെ പിന്തുടർന്നില്ലെന്നതും പ്രധാനമാണ്.എ കെ ജി സെന്‍ററിലെ ക്യാമറിയിൽ അക്രമിയുടെ മുഖമോ വാഹനത്തിന്‍റെ നമ്പറോ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചുറ്റും ക്യാമറ ഉള്ള എ കെ ജി സെന്‍ററിൽ അതേ കുറിച്ച് അറിയാത്ത ഒരാൾക്ക് അക്രമം നടത്താനാകുമോ എന്നതാണ് പ്രതിപക്ഷ ചോദ്യം. വിമർശനങ്ങൾ വ്യാപകമായതോടെ എ.കെ.ജി സെന്‍ററിന്‍റെ പരിസരത്ത് വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. അക്രമി സഞ്ചരിച്ച കുന്നുകുഴി റോഡിലെ വീട്, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. അവ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു. 15 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന.
ആക്രമണം നടത്തിയ ആൾ 11.20ന് എ കെ ജി സെന്‍ററിലേക്കും 11.23 ന് കുന്നുകുഴിയിലേക്കും സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ രാത്രിയാണ് എ കെ ജി സെന്‍ററിൽ ആക്രമണം ഉണ്ടായത്. എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി വളരെ വേഗത്തിൽ വാഹനത്തിൽ പോകുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാനാകും മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.